പകര്‍ച്ചവ്യാധികള്‍ പടരുന്നു: നടപടികളുമായി കോര്‍പ്പറേഷന്‍

കോഴിക്കോട്: പ്രളയത്തിന് ശേഷം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ശക്തമായ നടപടികളുമായി കോര്‍പ്പറേഷന്‍. ശുചിത്വ പ്രവര്‍ത്തനത്തിനും ആരോഗ്യ പ്രവര്‍ത്തനത്തിനും ദുരിതാശ്വസ പ്രവര്‍ത്തനത്തിനുമായി വിപുലമായ പദ്ധതികളാണ് കോര്‍പ്പറേഷന്‍ ഇന്നുമുതല്‍ ആരംഭിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് ഏറെ പ്രതിസന്ധിയിലായ ബേപ്പൂര്‍, ചെറുവണ്ണൂര്‍, മൂഴിക്കല്‍, കണ്ണാടിക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കാനുള്ള നടപടികളായതായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ഓരോ ക്യാമ്പിലും ഒന്നുവീതം ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഫാര്‍മസിസ്റ്റുകളുടെയും സേവനം ലഭ്യമാകും. ക്യാമ്പുകള്‍ തുടങ്ങുതിനുള്ള സൗകര്യം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്താന്‍ ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. നഷ്ടങ്ങളുടെ കണക്കടുപ്പും നടക്കുന്നുണ്ട്. 50 കോടി രൂപയുടെ നഷ്ടമാണ് റോഡുകളുടെ തകര്‍ച്ചയിലൂടെ മാത്രം നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. മണ്ണ് നിറഞ്ഞു അടിഞ്ഞുപോയ ഓടകള്‍ വൃത്തിയാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. ജനങ്ങള്‍ക്കുണ്ടാകുന്ന മാനസികാഘാതം കുറയ്ക്കുന്നതിന് വേണ്ടി കൗണ്‍സിലിംഗ് നടത്തുന്നതിലുള്ള നടപടികളായി. ഇത്തരത്തില്‍ പ്രശ്‌നം നേരിടുന്നവരെ കണ്ടെത്തുന്നതിന് അതത് ഡിവിഷനുകളിലെ കൗണ്‍സിലര്‍മാരെ കൗണ്‍സില്‍യോഗം ചുമതലപ്പെടുത്തി.