പ്രളയം: സാങ്കേതിക സഹായ വാഗ്ദാനവുമായി നെതര്‍ലന്‍ഡ്‌സ്

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി നെതര്‍ലന്‍ഡ്‌സ് രംഗത്ത്. കേരളം പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് നെതര്‍ലന്‍ഡ്‌സ് ഇന്ത്യന്‍ സര്‍ക്കാരിന് കത്ത് കൈമാറിയത്. അതേസമയം, സാമ്പത്തിക സഹായം നെതര്‍ലന്‍ഡ്‌സ് വാഗ്ദാനം ചെയ്തിട്ടില്ല. നെതര്‍ലന്‍ഡ്‌സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് സഹായം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്. പ്രളയം ബാധിച്ച സ്ഥലങ്ങളിലെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ വിദഗ്ദ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാമെന്നാണ് കത്തില്‍ പറയുന്നത്. വെള്ളപ്പൊക്ക കാലത്ത് നെതര്‍ലന്‍ഡ്‌സില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. അതേസമയം, പ്രളയക്കെടുതി ദുരിതാശ്വാസ, പുനരധിവാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണത്തിനായി മന്ത്രിമാരെ 14 രാജ്യങ്ങളിലേക്ക് ഒക്ടോബറില്‍ അയയ്ക്കാന്‍ മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിച്ചിരുന്നു.യു.എ.ഇ, ഒമാന്‍, ബഹറിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യു.കെ, ജര്‍മ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം. ഒരു മന്ത്രിയും ഉദ്യോഗസ്ഥരുമാവും ഓരോ സംഘത്തിലുമുണ്ടാവുക.