പരോള്‍ നീട്ടിയില്ല; ലാലു പ്രസാദ് യാദവ് കോടതിയില്‍ കീഴടങ്ങി

lalu prasad yadav

പാറ്റ്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങി. ചികില്‍സയ്ക്കായി പരോള്‍ കാലാവധി നീട്ടി നല്‍കണമെന്ന അപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. ഹര്‍ജി തള്ളിയ കോടതി ലാലുനോട് ഓഗസ്റ്റ് 30ന് മുമ്പ് ജയിലിലേക്ക് തിരികെപ്പോകാനും നിര്‍ദേശിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കോടതി നിര്‍ദേശം അനുസരിച്ച് കീഴടങ്ങുകയാണെന്ന് ലാലു പറഞ്ഞു. 1990ലെ കാലിത്തീറ്റ കുംഭകോണക്കേസില്‍ പ്രതിയായാണ് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു ജയില്‍ശിക്ഷ അനുഭവിക്കുന്നത്. കഴിഞ്ഞ മേയില്‍ പരോളില്‍ ഇറങ്ങിയ അദ്ദേഹം കിഡ്‌നി സ്റ്റോണ്‍, പ്രോസ്‌ട്രേറ്റ് വീക്കം എന്നീ അസുഖങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്നു മാസത്തേക്ക് കൂടി പരോള്‍ നീട്ടി നല്‍കണമെന്നാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍ പരോള്‍ കാലാവധി നീട്ടിനല്‌കേണ്ടതില്ലെന്നും തുടര്‍ചികിത്സ ആവശ്യമാണെങ്കില്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അദ്ദേഹത്തെ മാറ്റാമെന്നും സിബിഐ നിലപാടെടുത്തു.ബിഹാര്‍ വിഭജനത്തിനു മുമ്പ് 1990കളുടെ തുടക്കത്തില്‍ മൃഗസംരക്ഷണവകുപ്പില്‍ വിവിധ സാധനങ്ങള്‍ വാങ്ങിയതിനു പല കാലത്തായി ചൈബാസ ട്രഷറിയില്‍നിന്ന് 37.7 കോടി രൂപ കൈപ്പറ്റിയെന്നതാണു കാലിത്തീറ്റ കുംഭകോണക്കേസ്. അന്നു ലാലു പ്രസാദ് യാദവായിരുന്നു മുഖ്യമന്ത്രി.