മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അപ്പാടെ നടപ്പാക്കുന്നവരല്ല തങ്ങളെന്ന് പളനിസ്വാമി

palani-swamy

ചെന്നൈ: എഐഎഡിഎംകെയ്‌ക്കെതിരെയുള്ള ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി രംഗത്ത്. മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നതല്ല തന്റെ സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ജയലളിത തെളിച്ച വഴിലൂടെയാണ് തന്റെ പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ അനുകൂലിക്കേണ്ടവ ഏതാണെന്നും എതിര്‍ക്കേണ്ടവ ഏതാണെന്നും പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ല ബോധ്യമുണ്ട്. അത് അതതു ഘട്ടങ്ങളില്‍ ചെയ്യാറുണ്ടെന്നും പളനിസ്വാമി വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിപക്ഷം എല്ലായ്‌പോഴും തങ്ങളെ എതിര്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ അവര്‍ എപ്പോഴെങ്കിലും സര്‍ക്കാരിനെ അഭിനന്ദിച്ചതായി ആര്‍ക്കെങ്കിലും അറിവുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ചൊവ്വാഴ്ച ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് സ്റ്റാലിന്‍ എഐഎഡിഎംകെയെ നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. നട്ടെല്ലില്ലാത്ത അണ്ണാ ഡിഎംകെയെ അധികാരത്തില്‍നിന്നു തൂത്തെറിയണമെന്നു പോലും സ്റ്റാലിന്‍ പറഞ്ഞിരുന്നു. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സ്റ്റാലിന്‍ പളനിസ്വാമി സര്‍ക്കാരിന് സ്വാഭിമാനം അനുദിനം നഷ്ടമാവുകയാണെന്നും പറഞ്ഞിരുന്നു.