കേരളത്തിലെ സ്വകാര്യ ബസ്സുകള്‍ മൂന്നാം തിയ്യതി കാരുണ്യയാത്ര നടത്തും

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളത്തിലെ മുഴുവന്‍ സ്വകാര്യബസ്സുകളും സെപ്തംബര്‍ മാസം 3-ാം തീയതി തിങ്കളാഴ്ച്ച കാരുണ്യയാത്ര നടത്തും.അന്നു ലഭിക്കുന്ന മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കോഴിക്കോട് ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വേണ്ടി നടത്തുന്ന കാരുണ്യ യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ കണ്‍സെഷന്‍ ഒഴിവാക്കിയും സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കാരുണ്യ യാത്ര നടത്തുന്ന ബസ്സുകളില്‍ യാത്ര ചെയ്തും ഉദ്യമം വീജയിപ്പിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.ജില്ലയില്‍ ആയിരത്തോളം ബസ്സുകള്‍ അസ്സോസിയേഷനു കീഴിലായുണ്ട് .ഇവര്‍ എല്ലാവരും തന്നെ കാരുണ്യയാത്രയില്‍ പങ്കാളികളായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുള്‍ നാസര്‍,(പ്രസിഡന്റ്),എം.തുളസീ ദാസ്(സെക്രട്ടറി),കെ.പി.ശിവദാസന്‍,റിനീഷ്,എം.കെ. സാജു, പി.മുഹമ്മദ്,കെ.ടി.വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു