പ്രളയക്കെടുതി: ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക സെല്‍ തുറന്നു

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ പെട്ടെന്നു തീര്‍പ്പാക്കാന്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി ഡയറക്ടറും ജനറല്‍ മാനേജരുമായ കെ.ബി. വിജയ് ശ്രീനിവാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷ്വറന്‍സ്, നാഷണല്‍ ഇന്‍ഷ്വറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് എന്നീ കമ്പനികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതിനകംതന്നെ നാലു കമ്പനികളിലുമായി 1,200 കോടി രൂപയ്ക്കുള്ള 11,000 ക്ലെയിമുകള്‍ ലഭിച്ചു.അപേക്ഷ കിട്ടിയാല്‍ അന്നുതന്നെ തീര്‍പ്പാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി നിലവിലുള്ള വ്യവസ്ഥകളില്‍ ഇളവുകള്‍ നല്‍കുമെന്നും വിജയ് ശ്രീനിവാസ് പറഞ്ഞു.
പ്രളയത്തില്‍ കേടുപാടുകള്‍ പറ്റിയ ഇരുചക്ര വാഹനങ്ങള്‍ക്ക് 3500 രൂപ വരെ ഉടനടി ലഭിക്കും മൃഗങ്ങളുടെ കാര്യത്തിലും പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. പശു, ആട് മുതലായവയുടെ ക്ലെയിമുകള്‍ക്ക് ടാഗ് വേണമെന്ന നിബന്ധന, ഇന്‍ഷ്വറന്‍സ് എടുത്തതിന് 15 ദിവസത്തിനു ശേഷം വരുന്ന നഷ്ടം മാത്രമേ പരിഗണിക്കൂ എന്നീ വ്യവസ്ഥകളും ഒഴിവാക്കി. വ്യക്തിഗത ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പോലീസ് റിപ്പോര്‍ട്ട് എന്നിവ വേണമെന്ന നിബന്ധനയും ഒഴിവാക്കിയതായി വിജയ് ശ്രീനിവാസ് പറഞ്ഞു. വ്യക്തികള്‍ സെപ്റ്റംബര്‍ 30 വരെയും മറ്റുള്ളവ സെപ്റ്റംബര്‍ 15 വരെയും സമര്‍പ്പിക്കുന്ന ക്ലെയിം അപേക്ഷകള്‍ സമയപരിധി പാലിച്ചില്ല എന്നതിന്റെ പേരില്‍ നിരസിക്കില്ല. കാലാവസ്ഥാ റിപ്പോട്ട് വേണമെന്ന വ്യവസ്ഥയും ഇക്കാലത്ത് ഒഴിവാക്കി. അപേക്ഷകള്‍ പെട്ടെന്നു തീര്‍പ്പാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍വേയര്‍മാരുടെ സേവനം ഉപയോഗിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഡിജിഎം ടി.കെ. ഹരിദാസന്‍, റീജണല്‍ മാനേജര്‍ മണിവര്‍ണന്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ എ.പി. ഉഷ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.