അണക്കെട്ടുകളുടെ പ്രവര്‍ത്തനം: മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രം

Idukki009

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡാമുകളുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ തയാറാക്കും. കേന്ദ്ര വൈദ്യുത, ഊര്‍ജ സഹമന്ത്രി രാജ്കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡാമുകളുടെ ഉടമസ്ഥാവകാശവും കൈകാര്യം ചെയ്യാനുള്ള അധികാരവുമുള്ള സംസ്ഥാനങ്ങള്‍ പ്രളയ സാദ്ധ്യത മുന്‍നിറുത്തി വേണ്ടത്ര ഒരുങ്ങുന്നില്ലെന്ന വിലയിരുത്തലിലാണ് നടപടി. അടിയന്തര സാഹചര്യങ്ങളില്‍ ഡാമുകള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര ജലകമ്മിഷന്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനും ആവശ്യപ്പെടും. വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനുമല്ല മുന്‍ഗണന നല്‍കേണ്ടത്. പ്രളയസാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഒരേ നദിയില്‍ അടുത്തടുത്ത് ഡാമുകളുണ്ടെങ്കില്‍ ഒറ്റയടിക്ക് എല്ലാം തുറന്നുവിടുന്നത് ഒഴിവാക്കണം. മുകളിലുള്ള ഡാം മുതല്‍ താഴെയുള്ള ഡാം വരെ തുറക്കുന്നതിന് കൃത്യമായ പദ്ധതിവേണം. അണക്കെട്ടുകള്‍ക്ക് താഴെയുള്ള ജനവാസകേന്ദ്രങ്ങളെ തിരിച്ചറിഞ്ഞ് പുനരധിവാസ പദ്ധതി മുന്‍കൂട്ടി തയാറാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തും.തര്‍ക്കമുള്ള ഡാമുകള്‍ കേന്ദ്രത്തിന് കീഴിലാക്കുന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളുള്ള ഡാം സേഫ്റ്റി ബില്‍ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. ഇത് അടുത്ത പാര്‍ലമെന്റ് സെഷനില്‍ തന്നെ പാസാക്കിയെടുക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. ബില്‍ നിയമമായാല്‍ മുല്ലപ്പെരിയാര്‍ കേന്ദ്രത്തിന് കീഴിലാകും.രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷിതമായ പ്രവര്‍ത്തനത്തിന് നിരീക്ഷണം, പരിശോധന,അറ്റകുറ്റപണികള്‍ തുടങ്ങിയവയ്ക്ക് ഏകീകൃത മാനദണ്ഡങ്ങള്‍ ലക്ഷ്യമിട്ടാണ്‌കേന്ദ്രസര്‍ക്കാര്‍ ബില്ല് തയാറാക്കിയത്. അന്തര്‍സംസ്ഥാന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഈ ദേശീയ അതോറിട്ടി ആ ഡാമിന്റെ ചുമതല ഏറ്റെടുക്കും.സംസ്ഥാന തലത്തിലും ഡാം സേഫ്റ്റി സമിതിയുണ്ടാകും.ഇന്ത്യയില്‍ 5200 വലിയ അണക്കെട്ടുകളുണ്ട്. 450 അണക്കെട്ടുകള്‍ നിര്‍മ്മാണത്തിലുമാണ്. ബില്ല് നിയമമാകുന്നതോടെ ഈ അണക്കെട്ടുകളെല്ലാം ദേശീയ, സംസ്ഥാന അതോറിട്ടികള്‍ക്ക് കീഴിലാകും.