മംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേ വിപുലീകരിക്കുന്നു

Mangaluru Airport

കാസര്‍കോട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളം ആക്കിമാറ്റുന്നതിനും കൂടുതല്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനും നിലവിലുള്ള റണ്‍വേയ്ക്ക് സൗകര്യം പോരെന്ന് കണ്ടെത്തിയതിനാല്‍ മംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേ വിപുലീകരിക്കുന്നു. നേരത്തെ തന്നെ ഈ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇപ്പോഴാണ് അധികൃതരില്‍ നിന്നും പച്ചക്കൊടി കിട്ടിയത്. റണ്‍വേ വികസനത്തിനായി 39 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് സെന്തില്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 33 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും ആറേക്കര്‍ കൂടി കമ്പോള വിലയ്ക്ക് ഏറ്റെടുത്ത് റണ്‍വേ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി മംഗളൂരുവില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ കര്‍ണാടകയ്ക്ക് ഏറ്റവും ഉപകാരപ്പെടുന്ന വിമാനത്താവളം മംഗളൂരു വിമാനത്താവളമാണ്. അതുകൊണ്ടുതന്നെ റണ്‍വേ വികസിപ്പിക്കാനുള്ള എല്ലാശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ശശികാന്ത് സെന്തില്‍ അറിയിച്ചു. വരുന്ന 50 വര്‍ഷത്തിന്റെ വികസനം മുന്‍നിര്‍ത്തിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മംഗളൂരു വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. പൈലറ്റുമാര്‍ക്ക് പഠിക്കാനാവശ്യമായ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.