പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയെന്ന് ഇ.ശ്രീധരന്‍

E_Sreedharan

മലപ്പുറം: കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി. ആദ്യഘട്ടില്‍ കനത്ത മഴ പെയ്തപ്പോള്‍ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ല. പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും നമ്മുക്ക് വിദേശ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.നവകേരള നിര്‍മിതിക്ക് പൂര്‍ണ അധികാരമുള്ള സമിതി സര്‍ക്കാര്‍ രൂപീകരിക്കണം. സമിതി രൂപീകരിച്ചാല്‍ എട്ട് വര്‍ഷംകൊണ്ട് പുതിയ കേരളം പുടുത്തുയര്‍ത്താന്‍ കഴിയും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ താന്‍ തയാറാണെന്നും ഇ.ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.