പോലീസുകാര്‍ക്കു നിയമം പഠിക്കാന്‍ ലീഗല്‍ സെല്‍ വരുന്നു

കോഴിക്കോട്: ജില്ലാ പോലീസ് മേധാവിമാര്‍ക്കും പോലീസുകാര്‍ക്കും നിയമം പഠിക്കാന്‍ ജില്ലാടിസ്ഥാനത്തില്‍ ലീഗല്‍സെല്‍ ആരംഭിക്കുന്നു. ഓരോ പോലീസ് ജില്ലകളിലേയും ജില്ലാ പോലീസ് മേധാവിമാരുടെ കാര്യാലയത്തിലാണു സെല്‍ ആരംഭിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിറക്കിയത്. നിയമത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നിയമപരിജ്ഞാനമുള്ള രണ്ടുപേരെയാണ് സെല്ലില്‍ ഉള്‍പ്പെടുത്തുന്നത്. ജില്ലാ പോലീസ് മേധാവിമാര്‍ നിയമത്തിലുള്ള അറിവും എഴുതാനുള്ള പാടവവുമുള്ളവരെ കണ്ടെത്തിയാണ് ഇവിടേക്ക് നിയമിക്കേണ്ടത്. അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിക്കാണ് സെല്ലിന്റെ പൂര്‍ണ ചുമതല. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുമായി ബന്ധപ്പെട്ട് വിവിധ കോടതികള്‍, ട്രിബ്യൂണലുകള്‍, കമ്മീഷനുകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് സത്യവാങ്മൂലങ്ങള്‍, എതിര്‍സത്യവാങ്മൂലങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ പോലീസ് കോടതിക്കും മറ്റും സമര്‍പ്പിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നു ഉത്തരവില്‍ ഡിജിപി ചൂണ്ടിക്കാട്ടി. പോലീസ് കക്ഷിയായുള്ള കേസുകളില്‍ സത്യവാങ്മൂലങ്ങള്‍ യഥാസമയം സമര്‍പ്പിക്കുന്നുണ്ടെന്നത് നിരീക്ഷിക്കേണ്ട ചുമതലയാണ് പ്രധാനമായും ലീഗല്‍ സെല്ലിനുള്ളത്. ഓരോ കോടതി കാര്യവും സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടിയെ കുറിച്ചും ലീഗല്‍ സെല്‍ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം. കോടതി രേഖകളും മറ്റും ഡിജിറ്റിലായി സൂക്ഷിക്കണം. കേസിന്റെ സംഗ്രഹം, കേസിന്റെ അടുത്ത പോസ്റ്റിംഗ് തിയതി, സത്യവാങ്മൂലമോ, സ്റ്റേറ്റ്‌മെന്റോ നല്‍കേണ്ട തീയതി, കോടതി പോലീസിന് നല്‍കിയ ഇടക്കാല നിര്‍ദേശങ്ങളുടേയും ഉത്തരവുകളുടേയും വിവരങ്ങള്‍ എന്നിവ ഡിജിറ്റില്‍ ഡാറ്റയില്‍ ഉണ്ടായിരിക്കണം. കൂടാതെ ജില്ലാ പോലീസ് മേധാവിമാരുടെ ഓരോ മാസത്തേയും ക്രൈം കോണ്‍ഫറന്‍സില്‍ പോലീസിനെ കുറിച്ചുള്ള വിധിന്യായങ്ങള്‍, നിയമ നിര്‍മാണങ്ങള്‍ സംബന്ധിച്ചു ലഘുവിവരങ്ങള്‍ എന്നിവ നല്‍കണമെന്നും ഇത്തരം നടപടികള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ പോലീസ് മേധാവിമാരും സമര്‍പ്പിക്കേണ്ടതാണെന്നും ഡിജിപി അയച്ച സര്‍ക്കുലറിലുണ്ട്.