പ്രളയാനന്തര വിശേഷങ്ങള്‍

ഇത്തവണത്തെ പ്രളയം മലയാളിയെ ഞെട്ടിച്ചുകളഞ്ഞു. രാജ്യത്ത് അങ്ങുമിങ്ങും വിദേശങ്ങളിലുമൊക്കെ ഉണ്ടാവാറുള്ള പ്രളയങ്ങളുടെയും അതിന്റെ കെടുതികളെയുമൊക്കെ കണ്ടറിഞ്ഞും കേട്ടറിഞ്ഞു ം ഇത് വരെ ഗാലറിയിലിരിക്കുകയായിരുന്നു നാം. അത് കൊണ്ട് തന്നെ അവിടങ്ങളിലെ മനുഷ്യസമൂഹത്തിന് പ്രളയം വരുത്തിവെച്ച വ്യക്തിപരവും, സാമൂഹ്യവും, സാമ്പത്തികവും മാനസികവുമായ ആഘാതങ്ങളുടെ ആഴത്തെപറ്റി നമുക്ക് വ്യക്തമായ ധാരണങ്ങളുണ്ടായിരുന്നില്ല. എന്നാലിതാ ഇപ്പോള്‍ നമുക്ക് തന്നെയിത് വന്നുഭവിച്ചപ്പോള്‍ കാര്യം വ്യക്തമായി പിടികിട്ടിയിരിക്കുന്നു. ചില പാഠങ്ങളും ഇതില്‍ നിന്ന് നാം പഠിച്ചിരിക്കുന്നു.
ഭൗതിക വസ്തുക്കളില്‍ വെള്ളമാണ് ഏറ്റവും ശക്തന്‍ എന്നതാണ് ആദ്യപാഠം. പ്രളയത്തിന്റെ ചരിത്രം ഖുര്‍ആനും ബൈബിളുമൊക്കെ മനുഷ്യരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ നൂഹിന്റെ (നോഹ) കാലത്ത് അദ്ദേഹത്തിന്റെ നിയോഗ ഭൂമിയായ ഇറാക്ക് -സിറിയ പ്രദേശത്ത് അധര്‍മ്മം കൊടികുത്തി വാണപ്പോള്‍ ദൈവശിക്ഷയായോ അല്ലെങ്കിലവന്റെ പരീക്ഷണമായോ വന്‍പ്രളയമുണ്ടായി. അദ്ദേഹത്തോടൊപ്പം കപ്പലില്‍ (നോഹയുടെ പെട്ടകം) കയറി സജ്ജനങ്ങളും പക്ഷി മൃഗാദികളുമൊക്കെ സുരക്ഷിതരായി എന്നും ദുഷ്ടജനങ്ങളും അവരുടെ മുഴുവന്‍ സമ്പത്തും നശിച്ചുപോയി എന്നൊക്കെയാണല്ലോ ആ ചരിത്രകഥ. എന്നാ ല്‍ പിന്നീടങ്ങിനെയൊരു കൊ ടും പ്രളയത്തിന്റെ കഥ ലോകം കേട്ടിട്ടില്ല. അത്‌കൊ ണ്ട് തന്നെ എന്നെന്നും ഓര്‍മിക്കപ്പെടുന്ന ഒരു ചരിത്ര ദൃഷ്ടാന്തമായി അതങ്ങിനെ നില്‍ക്കുന്നു.
നമ്മുടെ ഈ കൊച്ചുകേരളത്തിലേക്ക് മടങ്ങാം. നമ്മുടെ പൂര്‍വികരും ലഭ്യമായ ലിഖിതങ്ങളും പറയുന്നു 1924 ല്‍ ഇവിടെ ഒരു മഹാ പ്രളയമുണ്ടായി എന്ന്. പക്ഷെ അന്ന് ഭൂമിയുടെ രൂപഭാവങ്ങള്‍ക്ക് ഇന്നത്തേതില്‍ നിന്നും വ്യത്യാസമുണ്ടായിരുന്നു. ജനസംഖ്യയും കുറവായിരുന്നു. അത് കൊണ്ട് തന്നെ കാട്ടിനും മേട്ടിനും കുന്നിനും മലക്കും പുഴക്കും കുളത്തിനുമൊന്നും നാം മനുഷ്യരേല്‍പ്പിക്കുന്ന പരിക്കുകളും ഇല്ലായിരുന്നു. എത്ര മഴപെയ്തിറങ്ങിയാലും അതുള്‍ക്കൊള്ളാന്‍ ഭൂമിക്കാവുമായിരുന്നു. എന്നാല്‍ ജനം പെരുകുകയും അവരുടെ ഭൗതികാവശ്യങ്ങള്‍ വര്‍ധിക്കുകയും അതോടൊപ്പം എല്ലാ ആധുനിക സൗകര്യങ്ങളോടുമുള്ള താല്‍പര്യം ആര്‍ഭാടവും ആക്രാന്തവുമാവുകയും ചെ യ്തതോടെ ഭൂമിയുടെ പ്രകൃതം തന്നെ മാറിപ്പോയി. അത് വഴി മാനത്തുനിന്നും പെയ്തിറങ്ങുന്ന ജലം എന്ന ശക്തനെ ഉള്‍ക്കൊള്ളാനോ തടഞ്ഞുനിര്‍ത്താനോ കൃത്യമായി ഒഴു ക്കി വിടാനോ കഴിയാത്ത അവസ്ഥയായി. അങ്ങിനെ അടുത്ത നൂറ്റാണ്ടിന്റെ മഹാപ്രളയം വന്നപ്പോള്‍ നാം നിസ്സഹായരായിപ്പോയി.
പാഠം രണ്ട് ഗാഡ്ഗിലും കസ്തൂരിരംഗനും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ ജനത്തിന് ഏതാണ്ട് മനസ്സിലായി എന്നതാണ്. ഇനിയുമുണ്ട് ഈ പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ ഏറെ. പണ്ടൊക്കെ അതിവര്‍ ഷം വന്നാല്‍ ചേരികളിലും വയല്‍ തുരുത്തുകളിലും മറ്റും താമസിക്കുന്ന പാവപ്പെട്ടവരെയായിരുന്നു അത് കൂടുതല്‍ ബാധിക്കുക. ഇത്തവണ അത് വയല്‍ നികത്തി മണിമാളികകള്‍ തീര്‍ത്ത സമ്പന്നരെയും കാര്യമായി ബാധിച്ചിരിക്കുന്നു. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വാചകമടിപോരാ ശാസ്ത്രീയമായ ആസൂത്രണം വേണമെന്ന് രാഷ്ട്രീയക്കാരും ഭരണാധികാരികളും മനസ്സിലാക്കിയിരിക്കുന്നു. വെള്ളത്തെ അധികമായി പിടിച്ചുവെച്ചാല്‍ അത് അപകടമായേക്കും എന്ന് പഠിപ്പിച്ചിരിക്കുന്നു. പ്രളയത്തിന്റെ താണ്ഡവങ്ങള്‍ക്കിരയായി പോയവരെ ആളും അര്‍ത്ഥവും കൊടുത്ത് കൈമെയ് മറന്ന് സഹായിക്കണമെന്ന് സമൂഹത്തിലെ ബഹുഭൂരിപക്ഷവും മനസ്സിലാക്കിയിരിക്കുന്നു. സഹജീവികള്‍ക്ക് അനര്‍ത്ഥങ്ങള്‍ വന്ന് അവര്‍ കഷ്ടപ്പെടുമ്പോള്‍ അവരെ സഹായിക്കുന്നതില്‍ ജാതിയും മതവും രാഷ്ട്രീയവും വര്‍ഗവും വംശവുമൊന്നും പ്രശ്‌നമേ അല്ല എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ആണ്ടറുതികളിലും ആഘോഷങ്ങളിലും ആര്‍ഭാടം വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. ചുരു ക്കി പറഞ്ഞാല്‍ ജനം ധിക്കാരവും അധികപ്രസംഗവും മാറ്റിവെച്ച് ഏതാണ്ട് നന്നായി പെരുമാറാന്‍ വരെ ശീലിച്ചിരിക്കുന്നു. അപ്പോഴും ബാക്കിയാവുന്ന ചോദ്യമിതാണ്. ഇതൊക്കെ എത്രകാലത്തേക്ക്?
ഇങ്ങിനെ ഈ പ്രളായനന്തര ദിനങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ ധാരാളമുണ്ട്. ആളും അവസ്ഥയും കുടുംബവും സമൂഹവുമൊക്കെയായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമല്ല പ്രളയത്തിന്റെ ഇരകളുടെ മാനസികാഘാതം കൂടി അഭിമുഖീകരിക്കപ്പെടേണ്ട ഒരു വലിയവിഷയം തന്നെയാണ്. ഏതായാലും ഈ പ്രതിസന്ധിയെ നേരിടാന്‍ ഒരുമിക്കാം നമുക്ക,് തികഞ്ഞ ആത്മാര്‍ത്ഥതയോടെയും യാഥാര്‍ത്ഥ്യബോധത്തോടെയും.