സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും

ന്യൂഡല്‍ഹി: പ്രളയത്തില്‍ വിവിധ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റലായി ഇവ ലഭ്യമാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) തീരുമാനിച്ചു. മാര്‍ക്ക് ഷീറ്റുകള്‍, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് ഡിജിലോക്കര്‍ വഴി ലഭ്യമാക്കുക. നാഷണല്‍ ഇഗവേര്‍ണന്‍സ് ഡിവിഷനുമായി ചേര്‍ന്ന് ”പരിണാം മഞ്ജുഷ’ എന്ന പേരില്‍ സിബിഎസ്ഇ ഒരു ഡിജിറ്റല്‍ അക്കാധമിക് ശേഖരം വികസിപ്പിച്ചിട്ടുണ്ട്. ഇതാണ് ഡിജി ലോക്കറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പരിണാം മഞ്ജുഷ/ഡിജി ലോക്കര്‍ വഴി ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളറുടെ ഡിജിറ്റല്‍ ഒപ്പുണ്ടാകും. ഐടി ആക്ട് അനുസരിച്ച് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നിയമപരമായി സാധുതയുള്ള ഡിജിറ്റല്‍ രേഖയായി പരിഗണിക്കും. ക്യുആര്‍ കോഡുള്ള ഈ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഡിജി ലോക്കര്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് പരിശോധിക്കാം.