സ്വദേശിവത്കരണത്തില്‍ പിടിമുറുക്കി അറബ് രാജ്യങ്ങള്‍

സൗദി : സ്വദേശിവത്കരണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അറബ് രാജ്യങ്ങള്‍ ഇതിന്റെ ആദ്യപടിയായി കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 3140 വിദേശികളെ പിരിച്ചു വിട്ടു. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിവിധ മന്ത്രാലയങ്ങളില്‍ ജോലി ചെയുന്നവരെയാണ് ഒഴിവാക്കിയതെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലിയില്‍ ‘സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപിരിച്ചുവിടല്‍. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ അല്ലാത്ത മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വിദേശികളെ പൂര്‍ണമായി ഒഴിവാക്കുകയും പകരം സ്വദേശികളെ നിയമിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം.
അതേ സമയം തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ തൊഴില്‍ നിയമലംഘനം നടത്തിയതിന് ഒട്ടേറെ വിദേശികള്‍ പിടിയിലാകുകയും ചെയ്തു.തൊഴിലുടമയ്ക്ക് കീഴിലല്ലാതെ ജോലി ചെയ്തു വന്നിരുന്നവരെയും സ്വന്തമായി ചെറുകിട കച്ചവടം നടത്തുകയും തെരുവ് കച്ചവടം നടത്തുകയും ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. നിയമ നടപടി പൂര്‍ത്തിയായ ശേഷം ഇത്തരത്തില്‍ പിടിക്കപ്പെട്ട വിദേശികളെ നാടുകടത്താനാണ് ഭരണകൂടങ്ങള്‍ തയ്യാറെടുക്കുന്നത്.