ഡി.എം.കെയില്‍ ഇനി സ്റ്റാലിന്‍ യുഗം: തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

M.-K.-Stalin

ചെന്നൈ: ഡി.എം.കെ അദ്ധ്യക്ഷനായി കരുണാനിധിയുടെ മകന്‍ എം.കെ.സ്റ്റാലിന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. സ്ഥാനത്തേക്ക് സ്റ്റാലിന്‍ അല്ലാതെ മറ്റാരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദുരൈമുരുകനെ ട്രഷറര്‍ അക്കാനും യോഗം തീരുമാനിച്ചു. 49 വര്‍ഷമായി പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന എം.കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.അന്‍പഴഗനാണ് സ്റ്റാലിന്‍ വിജയിച്ചതായി പ്രഖ്യാപിച്ചത്. 1037 പത്രികകളാണ് സ്റ്റാലിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ മറ്റ് പത്രികകളൊന്നും സമര്‍പ്പിക്കപ്പെട്ടില്ലെന്നും അന്‍പഴഗന്‍ വ്യക്തമാക്കി. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി അദ്ധ്യക്ഷനായി സ്റ്റാലിന്‍ ചുമതലയേല്‍ക്കും. അതേസമയം, കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡി.എം.കെയിലേക്കുളള മടങ്ങിവരവ് ലക്ഷ്യമിട്ട് മറ്റൊരു മകനായ അഴിഗിരി റാലിക്കൊരുങ്ങുകയാണ്. ഡി.എം.കെയ്ക്കുള്ള മുന്നറിയിപ്പ് എന്നാണ് സെപ്തംബര്‍ അഞ്ചിന് നടക്കുന്ന റാലിയെ അഴഗിരി വിശേഷിപ്പിച്ചത്. കരുണാനിധിയുടെ കൂടുതല്‍ അനുയായികളുടെയും പിന്തുണ തനിക്കാണെന്നാണ് അഴഗിരിയുടെ വാദം.