വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കും: മന്ത്രി എ.കെ. ബാലന്‍

a.k.balan

പാലക്കാട്: മഴക്കെടുതിയില്‍ വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് പുതിയ വീട് ലഭ്യമാക്കുന്നതുവരെ താമസിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഇവരെ താമസിപ്പിക്കാനുള്ള ഇടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണമെന്നും തൃത്താല റസ്റ്റ് ഹൗസില്‍ ചേര്‍ന്ന മഴക്കെടുതി അവലോകന യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. വീട് നഷ്ടമായവര്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വച്ച് നല്‍കും. അതിന് കഴിയാത്തവര്‍ക്ക് ഏകീകൃത സ്വഭാവത്തോടെ വീട് വെച്ച് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തിന്റെ ഫണ്ടുകള്‍ ഉപയോഗിക്കാമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൃത്യമായി ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ആനക്കര പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യമെങ്കില്‍ ശിശു രോഗ വിദഗ്ധന്റെ സേവനം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ വി.ടി. ബലറാം എം.എല്‍.എ, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, പട്ടാമ്പി തഹസില്‍ദാര്‍ സി.ആര്‍. കാര്‍ത്ത്യാനി ദേവി, തൃത്താല മണ്ഡലത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.