ധന്യ മേരി വര്‍ഗീസ് വീണ്ടും നായികയാകുന്നു

dhanya-mary-varghese

വിവാഹത്തോടെ സിനിമാരംഗത്തു നിന്ന് വിട്ടു നിന്ന നടി ധന്യ മേരി വര്‍ഗീസ് വീണ്ടും അഭിനയരംഗത്തെത്തുന്നു. ഇക്കുറി താരം സിനിമയിലല്ല സീരിയലിലൂടെയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്ന സീതാകല്യാണം എന്ന പരമ്പരയില്‍ നായിക ഇനി ധന്യ മേരി വര്‍ഗീസാണ്. സീരിയലിന്റെ പ്രമോ വീഡിയോ ചാനല്‍ പുറത്ത് വിട്ടു. നടി അനന്യയാണ് സീരിയലിന്റെ ടൈറ്റില്‍ ഗാനം ആലപിച്ചിരിയ്ക്കുന്നത്. അനന്യയുടെ മധുരമായ സ്വരത്തിനൊപ്പം സീരിയലിന്റെ കഥാപശ്ചാത്തലം പ്രേക്ഷകര്‍ക്ക് പറഞ്ഞുതരുന്നു. സീത എന്ന ടൈറ്റില്‍ റോളിലാണ് ധന്യ എത്തുന്നത്. അനാഥരായ സഹോദരികളുടെ കഥയാണ് സീത കല്യാണം. തിരുടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ധന്യ സിനിമാ ലോകത്ത് എത്തിയത്. ചിത്രം അത്ര ശ്രദ്ധിയ്ക്കപ്പെട്ടില്ല. പിന്നീട് വീരവും ഈറവും എന്ന തമിഴ് സിനിമയും ചെയ്തു. തുടര്‍ന്ന് നന്മ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ സാറാമ്മ എന്ന കഥാപാത്രം ധന്യയ്ക്ക് വളരെ മൈലേജ് നല്‍കി. 2012 ലാണ് നടനും നര്‍ത്തകനുമായ ജോണ്‍ സാംസണെയാണ് ധന്യ വിവാഹം കഴിച്ചത്.