ജയലളിതയുടെ ജീവിതം വെള്ളിത്തിരയില്‍

Jayalalitha

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴ് ജനതയുടെ അമ്മയുമായ ജയലളിതയുടെ ജീവിതം സിനിമയാവുന്നു. രണ്ടു സംവിധായകരാണ് ഒരേ സമയം ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. മദ്രാസിപട്ടണം, ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ എ.എല്‍ വിജയാണ് സിനിമ സംബന്ധിച്ച് ആദ്യ ഔദ്യോഗിക അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുന്നത്. അതിനു തൊട്ടു പിന്നാലെ നവാഗത സംവിധായികയായ പ്രിയദര്‍ശിനിയും എത്തി. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റാണ് പ്രിയദര്‍ശിനി. എ.എല്‍ വിജയ് ഒരുക്കുന്ന ചിത്രം വിബ്രി മീഡിയയാണ് നിര്‍മ്മിക്കുന്നത്. ജയലളിതയായി ഖുശ്ബു എത്തുമെന്നാണ് അറിയുന്നത്. ജയലളിതയുമായുള്ള ഖുശ്ബുവിന്റെ രൂപ സാദൃശ്യമാണ് അവരെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും അറിയുന്നു. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ഔദ്യോഗിക പ്രഖ്യാപനം നടക്കും. ‘ഏറ്റവും ശക്തരായ ഭരണാധികാരികളില്‍ ഒരാളായിരുന്നു ജയലളിത. ഈ ലോകത്തുള്ള ഏതൊരു സ്ത്രീയ്ക്കും അവരുടെ ജീവിതം പ്രചോദനമാണ്. അവരുടെ ജന്മവാര്‍ഷികത്തിന്റെ അന്നു തന്നെയായിരിക്കും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങുകയെന്ന് വിബ്രിമീഡിയയുടെ ഡയറക്ടര്‍ ബ്രിന്ദ പ്രസാദ് പറഞ്ഞു.