കേരളത്തിനു സഹായവുമായി സുപ്രീംകോടതി ജഡ്ജിമാരും

supreme court

ന്യൂഡല്‍ഹി: കേരളത്തിന് സഹായഹസ്തവുമായി സുപ്രീംകോടതി ജഡ്ജിമാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുപ്രീംകോടതിയിലെ 25 ജഡ്ജിമാരും 25,000 രൂപ വീതം സംഭാവന നല്‍കുമെന്നാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അറിയിച്ചത്. ദുരന്തത്തിന്റെ വ്യാപ്തിയേക്കുറിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് വ്യക്തമാക്കിയത്. ദുരിതാശ്വാസ ഫണ്ടിലേക്ക് അറ്റോര്‍ണി ജനറല്‍ ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു.സുപ്രീംകോടതിയിലെ അഭിഭാഷകരും കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ അഭിഭാഷകര്‍ ആയി പ്രാക്ടീസ് ചെയ്യുന്നതിനെതിരായ ഹര്‍ജിയില്‍ പുതുതായി കക്ഷി ചേരാന്‍ ഒരു സംഘടന നല്‍കിയ ഹര്‍ജി തള്ളുന്നതിന് ഇടയില്‍ ആണ് ചീഫ് ജസ്റ്റീസ് കേരളത്തിനു സഹായം നല്‍കുന്ന കാര്യം വ്യക്തമാക്കിയത്.