കേരളത്തിനു സഹായവുമായി ഖത്തര്‍ എയര്‍വെയ്‌സും

qatar-airways-plane-780x439

ദോഹ: പ്രളയം നക്കിത്തുടച്ച കേരളത്തില്‍ ദുരിത ബാധിതരെ സഹായിക്കാന്‍ ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍സായ ഖത്തര്‍ എയര്‍വെയ്‌സ് സഹായ വാഗ്ദാനവുമായി രംഗത്ത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ കാര്‍ഗോ വിഭാഗമാണ് അടിയന്തിര സഹായത്തിനള്ള സാധനങ്ങള്‍ എത്തിക്കുന്നതിനു സന്നദ്ധത അറിയിച്ചത്. ദുരിതം ബാധിച്ച വിവിധ ജില്ലകളിലേക്കുള്ള സാധനങ്ങളുമായിട്ടാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ കാര്‍ഗോ വിമാനം തിരുവനന്തപുരത്തേക്ക് പറക്കുക. കേരളത്തിന്റെ ദക്ഷിണ ഭാഗത്തേക്ക് കൂടുതല്‍ സഹായം വേണമെന്ന ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇത്തരം ഒരു പദ്ധതിക്ക് മുന്നിട്ടിറങ്ങിയത്.
രാജ്യത്തെ നിരവധി പേരുടെ കുടുംബങ്ങളെയും ബന്ധുക്കളെയുമാണ് ദുരിതം ബാധിച്ചതെന്നും ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ചീഫ് ഓഫീസര്‍ ഗിലോം ഹെലോക്‌സ് പറഞ്ഞു. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ എല്ലാ ദിവസവും അവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമടക്കം 50 ടണ്‍ സാധനങ്ങള്‍ എത്തിക്കാനാണ് പരിപാടി. ഇത് ആഗസ്ത് 21 മുതല്‍ 29 വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഡ്രൈഫ്രൂട്ട്‌സ്, വസ്ത്രങ്ങള്‍, ശുദ്ധജലം, മരുന്നുകള്‍ തുടങ്ങിയ അവശ്യസാധനങ്ങളാണ് എത്തിക്കേണ്ടത്.ഒരാള്‍ക്ക് 100 കിലോ സാധനങ്ങളാണ് അനുവദിക്കുക, ഷിപ്പ്‌മെന്റ് ബുക്കിംഗിനും അന്വേഷണത്തിനായും 00974 4018 1685 00974 6690 8226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു. ദുരിതത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അനുശോചനം അറിയിക്കുകയും ദുരിതങ്ങളില്‍ നിന്നും മോചനത്തിനായി പ്രാര്‍ത്ഥിക്കകയും ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ബലി പെരുന്നാള്‍ ആഘോഷ ദിനങ്ങളില്‍ പൊതുജനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും ഹോലാക്‌സ് അഭ്യര്‍ത്ഥിച്ചു.