ആരോഗ്യശുചിത്വ മേഖലയിലെ വെല്ലുവിളികള്‍ നേരിടണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കല്‍പ്പറ്റ: വെള്ളപ്പൊക്കം ഒഴിയുമ്പോള്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്നും ആരോഗ്യശുചിത്വ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ജനം തയാറാകണമെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ദുരിതാശ്വാസ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനു കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഇതരസംസ്ഥാന തൊഴിലാളികളെയും ശ്രദ്ധിക്കണം. ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. തൃപ്തികരമായ രീതിയിലാണ് ദുരിതനിവാരണം. മുഖ്യമന്ത്രിയുടെ സഹായാഭ്യര്‍ഥന അക്ഷരാര്‍ത്ഥത്തില്‍ പൊതുസമൂഹം നെഞ്ചേറ്റി. ജനങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചവാധി പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാന്‍ മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ, എഡിഎം കെ. അജീഷ്, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി, സബ്കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.