കേരളത്തിനു വേണ്ടി ബഹ്‌റൈനും: സഹായം എത്തിക്കാന്‍ രാജാവിന്റെ നിര്‍ദേശം

Bahrain's King Hamad bin Issa al-Khalifa looks on during his meeting with Egyptian President Hosni Mubarak in Cairo on August 26, 2010. AFP PHOTO/KHALED DESOUKI (Photo credit should read KHALED DESOUKI/AFP/Getty Images)

ബഹ്‌റൈന്‍ : കേരളത്തിലുണ്ടായ പ്രളയദുരിതത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാന്‍ ബഹ്‌റൈനും രംഗത്ത്. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കി. കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനാണ് റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയോട് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നിര്‍ദേശിച്ചിട്ടുള്ളത്. ഹമദ് രാജാവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് വേണ്ടിയുള്ള സഹായങ്ങള്‍ ലഭ്യാക്കുന്ന നടപടികളുമായി മുന്നോട്ട് പോകാന്‍ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസയ്യിദിനോട് ശൈഖ് നാസിര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ ലോകത്തെവിടെയുമുണ്ടാകുന്ന ദുരിതങ്ങളില്‍ സഹായ ഹസ്തവുമായി ബഹ്‌റൈന്‍ ജനത എപ്പോഴുമുണ്ടായിട്ടുണ്ടെന്ന് റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ സഹായ വാഗ്ദാനം നല്‍കിയ രാജ്യങ്ങളു പട്ടികയില്‍ മുന്‍ നിരയിലാണ് ബഹ്‌റൈന്‍. കേരളത്തിന് വേണ്ടിയുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസി സമൂഹം, സഹായം നല്‍കാന്‍ സന്നദ്ധമായ ഏജന്‍സികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ അധികൃതര്‍ വ്യക്തമാക്കി.