ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായി ആയുര്‍വേദ വകുപ്പ്

കോഴിക്കോട്: പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയുര്‍വേദ വകുപ്പിന്റെ സേവനം. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ആശുപത്രി, ഔഷധ നിര്‍മ്മാതാക്കളുടെ സംഘടനകള്‍, കെ.എം.സി.ടി ആയുര്‍വേദ മെഡിക്കല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ ദിവസവും മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നുണ്ട്. 12 ബ്ലോക്കുകളിലെയും ദ്രുതകര്‍മസേനാ കണ്‍വീനര്‍മാരുടെ നേതൃത്വത്തിലാണ് ഏകോപനം നടത്തുന്നത്. പനി, വയറ് സംബന്ധമായ അസുഖങ്ങള്‍, വളംകടി, തലവേദന തുടങ്ങിയവയാണ് ക്യാമ്പിലുള്ളവര്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍. പരിശോധനയ്‌ക്കൊപ്പം രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും നല്‍കുന്നുണ്ട്. ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. പി. ആര്‍. സലജകുമാരി അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനുള്ള ഔഷധങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്ബര്‍ 7012694580, ജില്ലാ മെഡിക്കല്‍ ഓഫീസ് 04952371486.