ഹജ്ജ്: വിദേശ തീര്‍ത്ഥാടകരുടെ വരവ് പൂര്‍ത്തിയായി

hajj

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ വരവ് പൂര്‍ത്തിയായി. 1,72,0680 തീര്‍ത്ഥാടകര്‍ക്കാണ് സൗദി ഈ വര്‍ഷം വിസ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായതെന്നു സൗദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്‌യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള വിദേശ ഹാജിമാരുടെ വരവ് സുഖകരമായി പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. വിദേശ ഹാജിമാരുടെ വരവ് പൂര്‍ത്തിയായതോടെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ താല്‍ക്കാലികമായി അടച്ചു. ഇനി ഹജ്ജ് തീര്‍ത്ഥാടനച്ചടങ്ങുകള്‍ക്കു ശേഷമാണ് ടെര്‍മിനല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക. ജിദ്ദ, മദീന, ത്വാഇഫ് തുടങ്ങി വിവിധ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്‍മിനല്‍ വഴി 1,58,4,085 ഹാജിമാരും കരമാര്‍ഗം 84,381 തീര്‍ത്ഥാടകരും കപ്പല്‍ മാര്‍ഗം 16,163 പേരും പുണ്യഭൂമിയിലേക്കെത്തി. ഈ വര്‍ഷം പുതുതായി നടപ്പാക്കിയ മക്ക റോഡ് പദ്ധതിയനുസരിച്ച് 103,057 തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മത്തിനായി എത്തി. ക്വാലാലംപൂര്‍, ജക്കാര്‍ത്ത വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവര്‍ എത്തിയത്. സൗദിയില്‍ വിമാനമിറങ്ങിയ ശേഷം പൂര്‍ത്തിയാക്കേണ്ട എമിഗ്രേഷന്‍ പരിശോധനകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, മെഡിക്കല്‍ പരിശോധന, ലഗേജ് പരിശോധന തുടങ്ങിയ നടപടികളെല്ലാം സ്വന്തം നാട്ടിലെ വിമാനത്താവളത്തില്‍ വച്ചുതന്നെ പൂര്‍ത്തീകരിക്കുന്ന രീതിയാണ് മക്ക റോഡ് പദ്ധതി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തീര്‍ത്ഥാടകര്‍ക്ക് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞതായും ജനറല്‍ സുലൈമാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നു മണിക്കൂറോളം എടുത്ത എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇത്തവണ 25 മിനിറ്റ് മാത്രമേ ആവശ്യമായി വന്നുള്ളൂ. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.