കേന്ദ്രസഹായം: രാഹുലിനെതിരേ കേന്ദ്രമന്ത്രി റിജിജു

rahul-gandhi-kiren-rijiju-1

ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തിനുള്ള കേന്ദ്ര ധനസഹായത്തെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ ട്വിറ്ററില്‍ വാക്കേറ്റം. ദുരന്തസമയത്തു രാഷ്ട്രീയം പറയരുതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആവശ്യമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ദുരന്തം നേരിടാന്‍ കേരളത്തിന് കേന്ദ്രം അനുവദിച്ച 500 കോടി രൂപ പോരെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റിനെ വിമര്‍ശിച്ചായിരുന്നു റിജിജുവിന്റെ മറുപടി. ദുരന്തസമയത്ത് നമ്മളെല്ലാം ഒന്നാണ്. രാഷ്ട്രീയം ഒഴിവാക്കണം. കേരള സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നൂറുകണക്കിന് രക്ഷാടീമുകളും 90 എയര്‍ക്രാഫ്റ്റുകള്‍, 500 മോട്ടോര്‍ ബോട്ടുകള്‍, എന്‍ഡിആര്‍എഫ്, ആര്‍മി, നേവി, പാരാമിലിട്ടറി സേനകള്‍ എന്നിവര്‍ പങ്കെടുത്ത വന്‍ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണു നടന്നത്. ഈ സമയത്ത് ഇതുപോലുള്ള ട്വീറ്റുകള്‍ വേദനാജനകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തില്‍ തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ എല്ലാ സംവിധാനങ്ങളോടും കൂടി ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ രക്ഷാ, ദുരിതാശ്വാസ, അടിയന്തര സേവനങ്ങളാണ് കൂടുതല്‍ ആവശ്യം. പ്രധാനമന്ത്രി ഉറപ്പു നല്‍കിയ സാന്പത്തിക പിന്തുണ ലഭിക്കുമെന്നും കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു. കേരളത്തിന് ദുരിതാശ്വാസമായി കേന്ദ്രസഹായം 500 കോടി രൂപയായി വര്‍ധിപ്പിച്ചതു നല്ല കാര്യമാണെന്നും എന്നാല്‍, അത് പര്യാപ്തമല്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുതെന്നും രാഹുല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.