കേരളീയരോടൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യവും സഹാനുഭാവവും പ്രകടിപ്പിച്ചു. പ്രളയദുരിതത്തില്‍ വേദനിക്കുന്നവരെ പിന്തുണയ്ക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസേവകരുടെയും കൂടെ താനുമുണ്ടെന്നു പാപ്പാ പ്രസ്താവിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല ജപത്തിന്റെ അവസാനമാണ് മാര്‍പാപ്പ കേരളത്തിലെ ദുരിതം പരാമര്‍ശിച്ചത്.
”പ്രിയ സഹോദരങ്ങളേ, കേരളത്തിലെ ജനങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയുടെ കെടുതിയിലാണ്. മഴ കാരണമുണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണൊലിപ്പും വന്‍ ജീവനഷ്ടം വരുത്തിയിട്ടുണ്ട്. ധാരാളംപേരെ കാണാതായിട്ടുണ്ട്. അതിലേറെപ്പേര്‍ ഒറ്റപ്പെട്ട അപകടാവസ്ഥയില്‍ കഴിയുന്നുണ്ട്. ആയിരങ്ങളാണ് ക്യാന്പുകളില്‍ വസിക്കുന്നത്. പെരുമഴ വിതച്ച വിളനാശവും വീടുകളുടെ നഷ്ടവും ഭീതിദമാണ്. അതിനാല്‍ കേരളത്തിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും വേണ്ട പിന്തുണയും സഹായങ്ങളും രാജ്യാന്തരസമൂഹം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.”
ദുരന്തങ്ങള്‍ക്കു മധ്യേ വേദനിക്കുന്ന കേരളമക്കളെ മുന്‍നിരയില്‍നിന്നു സഹായിക്കുന്ന സര്‍ക്കാരിന്റെയും പ്രാദേശികസഭയുടെയും സന്നദ്ധസംഘടനകളുടെയും കൂടെ താനുമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും കെടുതിയില്‍ വേദനിക്കുന്ന സകലര്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്തു. കേരളത്തെ രക്ഷിക്കൂ എന്നെഴുതിയ ബാനറുമായി ഏതാനും പേര്‍ വത്തിക്കാന്‍ ചത്വരത്തിലെ ചടങ്ങിനെത്തിയിരുന്നു. കേരളത്തിനുവേണ്ടി ഒരു നിമിഷം നിശബ്ദപ്രാര്‍ഥന നടത്താന്‍ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കൂടിയിരുന്ന ജനങ്ങളോട് ആവശ്യപ്പെട്ടു. വിശ്വാസികളോടൊപ്പം മാര്‍പാപ്പ കേരളത്തിനു വേണ്ടി നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥന ചൊല്ലി.