റെയില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

train

കോഴിക്കോട്: സംസ്ഥാനത്ത് ദുരിതം വിതച്ച പ്രളയം കാരണം കഴിഞ്ഞ മൂന്നു ദിവസമായി തകരാറിലായ റെയില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു തുടങ്ങി. 12601നമ്പര്‍ ചെന്നൈ മെയില്‍ ഇന്നലെ രാവിലെ പത്തിന് ഷൊര്‍ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായുംനിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതോടെ മൂന്നു ദിവസമായി മുടങ്ങിയ ഷൊര്‍ണൂര്‍മംഗലാപുരം റെയില്‍വേ പാതയും ഭാഗികമായി പുനസ്ഥാപിച്ചു. ഇന്നലെ മുതല്‍ ഇതുവഴി കൂടുതല്‍ ട്രെയിനുകള്‍ ഷൊര്‍ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി കോഴിക്കോട് അവസാനിപ്പിച്ച മംഗലാപുരംകോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് ഇന്നലെ ഉച്ചയ്ക്ക് കോയമ്പത്തൂരിലേക്ക് യാത്ര തുടര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ സാധാരണ സര്‍വ്വീസുകള്‍ക്ക് സജ്ജമാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസും ഇന്നലെ സര്‍വ്വീസ് നടത്തി.12602 നമ്പര്‍ ചെന്നൈ മെയില്‍ ഉടന്‍തന്നെ മംഗലാപുരത്ത് നിന്ന് സര്‍വ്വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു.