അങ്കമാലി ഡയറീസ് ഇനി മറാത്തിയില്‍

angamaly-diaries

അങ്കമാലി ഡയറീസ് മറാത്തി ഭാഷയില്‍ റീമേക്ക് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. ലിജോ അങ്കമാലിയിലൂടെ അവതരിപ്പിച്ച ആന്റണി വര്‍ഗീസും അപ്പാനി ശരത്തും ടിറ്റോ വില്‍സണുമൊക്കെ ഇന്ന് മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന നിരയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ അങ്കമാലി ഡയറീസ് മറാത്തി ഭാഷയില്‍ റീമേക്ക് ചെയ്യുന്നു. കോലാപൂര്‍ ഡയറീസ് എന്നാണ് മറാത്തി റീമേക്കിന് പേരിട്ടിരിക്കുന്നത്. ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ കൂടി ശ്രദ്ധിക്കപ്പെട്ട മറാത്തി സംവിധായകന്‍ അവധൂത് ഗുപ്‌തെയും വജീര്‍ സിംഗും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം ഈ.മ.യൗവിന് ശേഷം ഒരുക്കുന്ന ജല്ലിക്കെട്ട് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് ലിജോ ഇപ്പോള്‍.