കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് യു.എ. ഇ ഭരണാധികാരി

ദുബായ്: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യു. എ. ഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലാണ് അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ഷേക്ക് അഭ്യര്‍ത്ഥന നടത്തിയത്. കേരളത്തിലെ ദുരന്ത തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കേരളം പ്രളയത്തിലൂടെ കടന്നു പോവുകയാണെന്നും പുണ്യമാസത്തില്‍ ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദുരിത ബാധിതരെ സഹായിക്കാന്‍ യു. എ. ഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കും. അടിയന്തരസഹായം നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു. എ. ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. അതുകൊണ്ട് പ്രളയ ബാധിതരെ സഹായിക്കാനും പിന്തുണയ്ക്കാനും പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.