ഭിന്നശേഷിക്കാര്‍ക്ക് അഥോറിറ്റി: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

high court

കൊച്ചി: ഭിന്നശേഷിക്കാരുടെ അവകാശ നിയമമനുസരിച്ച് ഉചിതമായ അഥോറിറ്റിക്ക് രൂപം നല്‍കണമെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം പാലിച്ചില്ലെന്ന ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. 2018 ഓഗസ്റ്റ് എട്ടിലെ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം പാലിക്കാത്തതിനെതിരെ കടവന്ത്ര വിദ്യാനഗര്‍ സ്വദേശിനി സീന ലാല്‍ ഉള്‍പ്പെടെ മൂന്നു പേര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും അഥോറിറ്റി നിലവിലില്ല. കുട്ടികളിലെ ഓട്ടിസം ഉള്‍പ്പെടെയുള്ള മാനസിക വൈകല്യങ്ങള്‍ ചികിത്സിക്കുന്ന സെന്ററുകള്‍ക്ക് ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരമുള്ള മാര്‍ഗ നിര്‍ദേശം ഇതുവരെ നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. പല ഓട്ടിസം സെന്ററുകളിലും യോഗ്യതയില്ലാത്തവരാണ് കുട്ടികളെ പരിചരിക്കുന്നത്. ഇത്തരം സെന്ററുകളെ നിയന്ത്രിക്കാന്‍ അഥോറിറ്റിക്ക് രൂപം നല്‍കാത്തത് ആശങ്ക ഉണ്ടാക്കുന്നെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജി സെപ്റ്റംബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.