സ്വര്‍ണം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമാണ് ഇന്ത്യന്‍ ഹോക്കി ടീം: ശ്രീജേഷ്

sreejesh

ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമാണ് ഇന്ത്യന്‍ ഹോക്കി ടീമെന്ന് നായകന്‍ പി.ആര്‍.ശ്രീജേഷ് പറഞ്ഞു. നിലവില്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാക്കളാണ് ഇന്ത്യ. 2014ല്‍ ഇഞ്ചിയോണില്‍ ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. ഇത്തവണ ജക്കാര്‍ത്തയിലും ഇഞ്ചിയോണില്‍ പുറത്തെടുത്ത മികവ് തുടരാനാകുമെന്നാണ് ടീമിന്റെ ഗോളി കൂടിയായ എരുവേലി സ്വദേശി ശ്രീജേഷിന്റെ പ്രതീക്ഷ. ഇത്തവണ ജക്കാര്‍ത്തയില്‍ സ്വര്‍ണം നേടി നേരത്തേ തന്നെ 2020ലെ ടോക്കിയോ ഒളിമ്പബിക്‌സിന് യോഗ്യത നേടുകയെന്നതാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ഹോളണ്ടില്‍ നടന്ന എലൈറ്റ് ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണേഴ്‌സ് അപ്പായ ഇന്ത്യ നിലവില്‍ മികച്ച ഫോമിലുമാണ്. ടീം റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്കുയരാനും ചാമ്പ്യന്‍സ്‌ട്രോഫിയിലെ റണ്ണേഴ്‌സ് അപ്പ് നേട്ടത്തിലൂടെ ഇന്ത്യക്കായി. ജക്കാര്‍ത്തയില്‍ സ്വര്‍ണം നേടി 2020ലെ ടോക്കിയോ ഒളിമ്പിക്‌സിന് നേരത്തേ യോഗ്യത നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതില്‍ കുറഞ്ഞൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. അങ്ങനെയായാല്‍ ഒളിമ്പിക്‌സിന് തയ്യാറെടുക്കാന്‍ രണ്ടു വര്‍ഷം ലഭിക്കും. ടീമിന്റെ ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ നമ്മള്‍ തന്നെയാണ് സ്വര്‍ണം നേടാന്‍ സാധ്യത കൂടുതലുള്ള ടീം ശ്രീജേഷ് വ്യക്തമാക്കി. ചാമ്ബ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. ടൂര്‍ണമെന്റിലെ പ്രകടനം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം എന്ന അപൂര്‍വ നേട്ടത്തിനാണ് ശ്രമിക്കുന്നതെന്നും ശ്രീജേഷ് പറയുന്നു. കുടുതല്‍ ഗോള്‍ നേടുക, ആദ്യം തന്നെ ഗോള്‍ അടിക്കുക എന്നതിനാവും തങ്ങള്‍ ശ്രമിക്കുകയെന്നും ശ്രീജേഷ് വെളിപ്പെടുത്തി. പെനാല്‍റ്റി കോര്‍ണറിലെ അപാകതകള്‍ പരഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇതുവരെ 3 സ്വര്‍ണവും 9 വെള്ളിയും 2 വെങ്കലവും നേടിയിട്ടുണ്ട്.