ജില്ലയില്‍ ഇരുപതിനായിരത്തോളം ദുരിതബാധിതര്‍

കോഴിക്കോട്: മഴകെടുതിമൂലം ജില്ലയില്‍ പതിനഞ്ചായിരത്തോളം പേരെ ക്യാന്പുകളിലേക്ക് മാറ്റി. ഇതില്‍ 6700 ഓളം പേര്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുള്ളവരാണ്. അയ്യായിരത്തോളം ആളുകളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷാബോട്ടുകളിലാണ് ക്യാമ്പുകളിലെത്തിച്ചത്. മിക്ക കുടുംബങ്ങള്‍ക്കും വീട്ടുപകരണങ്ങളും, ഭൂരേഖകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടതായി ഭൂരഹിതര്‍ പറഞ്ഞു. കുട്ടികളുടെ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടു. ജില്ലയില്‍ നാല് താലൂക്കുകളിലെ 67 വില്ലേജുകളിലായി 172 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 4235 കുടുംബങ്ങളില്‍ നിന്നായി 14014 പേരാണ് കഴിയുന്നത്. കോഴിക്കോട് താലൂക്കില്‍ 32 വില്ലേജുകളിലായി നിലവില്‍ 107 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 2594 കുടുംബങ്ങളില്‍ നിന്നും 8151 പേരാണ് താമസിക്കുന്നത്. കൊയിലാണ്ടി താലൂക്കില്‍ 16 വില്ലേജുകളിലായി 22 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 306 കുടുംബങ്ങളില്‍ നിന്നായി 1128 ആളുകള്‍ താമസിക്കുന്നുണ്ട്. വടകര താലൂക്കില്‍ 19 ക്യാമ്പുകളിലായി 398 കുടുംബങ്ങളില്‍ നിന്നും 1654 പേര്‍ താമസിക്കുന്നു.