മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അജിത് വഡേക്കര്‍ അന്തരിച്ചു

vatekar

മുംബയ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായിരുന്ന അജിത് വഡേക്കര്‍ അന്തരിച്ചു. 77 വയസായിരുന്നു. അസുഖബാധിതനായി ഏറെ നാളായി മുംബയിലെ ജാസ്‌ലോക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നായകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്ത്യയിലെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു വഡേക്കര്‍. 1971ല്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യയ്ക്ക് പരമ്ബര സമ്മാനിച്ച് ചരിത്രമെഴുതിയ നായകനാണ് വഡേക്കര്‍.1972-73 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി മൂന്ന് പരമ്ബരകളില്‍ വിജയം നേടിയും റെക്കാഡിട്ടു. 1966ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 1974ല്‍ ജൂലായില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം. 37 ടെസ്റ്റുകളിലായി 31.07 റണ്‍സ് ശരാശരിയില്‍ 2113 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും 14 അര്‍ദ്ധസെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. രാജ്യാന്തര കരിയറിലെ ഏക സെഞ്ച്വറിയായ 143 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. രണ്ട് ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള വഡേക്കര്‍ 73 റണ്‍സും സ്വന്തമാക്കി. നാലുവട്ടം മുംബയെ രഞ്ജി ട്രോഫി ജേതാക്കളാക്കിയ വഡേക്കര്‍ 1974ല്‍ വിരമിച്ചു. 1991-92 മുതല്‍ 1995-96വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു.