മഴക്കെടുതി: മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം കൈമാറി

mammootty dq

കൊച്ചി: മഴക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങളായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ നല്‍കി. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്ക് മമ്മൂട്ടി നേരിട്ടെത്തിയാണ് തുക കൈമാറിയത്. നടന്‍ മോഹന്‍ലാലും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നു തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചശേഷമാകും ലാല്‍ തുക കൈമാറുക. കൂടാതെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന 15 ലക്ഷം രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള പുതു വസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് കൈമാറണമെന്ന് താന്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയ എം.സി.ആര്‍ ഗ്രൂപ്പിനോട് മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രളയക്കെടുതിയെ നേരിടാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ യുവതാരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ കമലഹാസനും 25 ലക്ഷം നല്‍കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് സഹായം ഒഴുകുകയാണ്. അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. യൂസഫലിയെ കൂടാതെ വ്യവസായികളായ ബി.ആര്‍.ഷെട്ടി, ഡോ.ആസാദ് മൂപ്പന്‍ എന്നിവരും വന്‍തുകകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.