പേമാരി, വിറങ്ങലിച്ച് സംസ്ഥാനം

കോഴിക്കോട്,വയനാട് ഉള്‍പ്പെെടയുള്ള ജില്ലകളില്‍ തുടര്‍ച്ചയായി കനത്ത മഴ
വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം

കോഴിക്കോട്: പേമാരി ഒന്നു ശമിക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍.ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമെല്ലാം ജീവിതം ദുരിതമയമാക്കി.ചെറിയ ഇടവേള ഉണ്ടായിരുന്ന മഴ ഇന്നലെ മുതല്‍ കൂടുതല്‍ ശക്തമായി.ഇന്നലെ രാത്രി മുതല്‍ മഴ അതിശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്നു.നാളെ വരെ അതി തീവ്രമഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.വടക്കന്‍ കേരളത്തില്‍ മഴ തിമിര്‍ക്കുകയാണ്.കോഴിക്കോട് ജില്ലയില്‍ മണിക്കൂറുകളായി തുടര്‍ച്ചയായി മഴ പെയ്യുകയാണ്.വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.നിരവധി കൃഷിയിടങ്ങള്‍ ഒലിച്ചു പോയി.ജില്ലയിലെ നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.ശക്തമായ കാറ്റുമുണ്ട്.പേമാരി തുടരുന്നത് മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ വീണ്ടും ഭീഷണി സൃഷ്ടിക്കുന്നു.മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.ഇന്നലെ ഉരുള്‍ പൊട്ടലുണ്ടായ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മൂന്നിടത്തായി വീണ്ടും ഉരുള്‍പൊട്ടലും മഴ വെള്ളപ്പാച്ചിലുമുണ്ടായി.മലപ്പുറം നിലമ്പൂര്‍,കോഴിക്കോട് ആനക്കാംപൊയില്‍,പാലക്കാട് ആനക്കല്ല് എന്നിവടങ്ങളിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉരുള്‍ പൊട്ടലും മഴവെള്ളപ്പാച്ചിലുമുണ്ടായത്. നിലമ്പൂരില്‍ ആഢ്യന്‍പാറയ്ക്ക് സമീപം ഉരുള്‍പൊട്ടി.കാഞ്ഞിരപ്പുഴയിലെ മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ചാലിയാര്‍ നമ്പൂരി പൊട്ടിയില്‍ വീടുകളില്‍ വെള്ളം കയറി.കോഴിക്കോട് ആനക്കാം പൊയില്‍ മുത്തപ്പന്‍ പുഴയിലാണ് ശക്തമായ മഴ വെള്ളപ്പാച്ചില്‍ ഉണ്ടായത്.മറിപ്പുഴയില്‍ താത്ക്കാലികമായി നിര്‍മ്മിച്ച പാലം ഒലിച്ചു പോയി.കോഴിക്കോട് ജില്ലയിലെ മുക്കം,മുത്തേരി,ആലും തറ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. പാലക്കാട് ആനക്കല്ല്,കല്ലിത്തറ വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി.കൊമ്പുതൂക്കി പുഴയില്‍ ജലനിരപ്പുയര്‍ന്നു.മലമ്പുഴ ഡാമിലും ജലനിരപ്പ് കൂടി.കണ്ണൂര്‍ ജില്ലയിലും ശക്തമായ മഴ തുടരുകയാണ്.ഐയ്യന്‍ കുന്ന് പഞ്ചായത്തിലെ ഏഴാം കടവില്‍ രണ്ട് നടപ്പാലങ്ങള്‍ ഒഴുകിപ്പോയതിനാല്‍ 20 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.പേമാരി കൊണ്ട് വയനാട് ജില്ല വലയുകയാണ്.നാളെ വരെ കനത്ത മഴയുണ്ടാകുമെന്നത് ജനങ്ങളെ കൂടുതല്‍ ആശങ്കാകുലരാക്കുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക് കാരണം.കേരളത്തിന് പുറമെ കര്‍ണ്ണാടക,തമിഴ്‌നാട്,ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.