തിയ്യസമുദായക്കാരെ ഈഴവരാക്കി ആനുകൂല്യങ്ങള്‍ ഇല്ലാതാക്കരുത്

കോഴിക്കോട് : തിയ്യസമുദായക്കാരെ ഈഴവരാക്കുന്ന സര്‍ക്കാര്‍ തലത്തിലുള്ള പ്രവണതകള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് തിയ്യസമുദായ സമിതി കേരള പിന്നോക്ക സമുദായ സമിതി മുമ്പാകെ നിവേദനം സമര്‍പ്പിച്ചു.തിയ്യ,ഇഴവ ഒന്നാണെന്ന മട്ടിലുള്ള പ്രചാരണങ്ങളും നടപടി ക്രമങ്ങളും തെറ്റാണെന്ന് തിയ്യ സമുദായ സമിതി പറയുന്നു.ബ്രിട്ടീഷ് ഭരണ കാലത്തും സ്വതന്ത്ര ഭാരതത്തിലെ മദ്രാസ് സംസ്ഥാനത്തിലും മലബാറിലെ ഈ വംശക്കാരെ ഹിന്ദു തിയ്യ എന്ന പേരില്‍ അംഗീകരിച്ചിരുന്നു.1956 ല്‍ മലബാര്‍ തിരുവിതാംകൂറിനോട് ചേര്‍ത്ത് കേരളം രൂപീകരിച്ചപ്പോള്‍ തിരുവിതാംകൂറിലെ ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്ന മലബാറിലെ തിയ്യരും തിരുവിതാം കൂറിലെ ഈഴവരും ഒന്നാണെന്ന് പ്രചാരണമുണ്ടായി.തിയ്യരുടെമക്കള്‍ക്ക് അര്‍ഹമായ സംവരണം ലഭ്യമാകണമെങ്കില്‍ ഈഴവ എന്നാണ് രേഖപ്പെടുത്തേണ്ടതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായി.പ്രവേശന ഫോറങ്ങളില്‍ തിയ്യ എന്ന് രേഖപ്പെടുത്താനുള്ള അവസരം ഇല്ലാതായി.പ്രവേശന സെലക്ഷന്‍ ലിസ്റ്റില്‍ തിയ്യരുടെ മക്കളെ ഈഴവ എന്നു രേഖപ്പെടുത്തുന്നതോടെ ഒരു നിര്‍ബന്ധിത ജാതി മത പരിവര്‍ത്തനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് തിയ്യസമുദായസമിതി നേതാക്കളായ പുരുഷോത്തം പുതുക്കുടി,കളത്തില്‍ പ്രഭാകരന്‍,മാമിയില്‍ സുനില്‍, ചെറോട് വിശ്വനാഥന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. ചരിത്രപരമായോ നരവംശപരമായോ വിശ്വാസ ആചാരാനുഷ്ഠാനങ്ങളിലോ യാതൊരു പൊതു സ്വഭാവം ഇല്ലാത്ത രണ്ട് സമുദായമാണ് ഈഴവരും തിയ്യരും.റാങ്ക് പട്ടികയില്‍ സംവരണത്തിന് തിയ്യ ബില്ലവ സമുദായത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പേരിനു നേരെ ഈഴവ എന്നതിനു പകരം തിയ്യ അല്ലെങ്കില്‍ ബില്ലവ എന്നു രേഖപ്പെടുത്തേണ്ടതാണെന്നും ഈഴവ സംവരണ വിഭാഗത്തിലെ എന്‍.സി.എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തില്‍ ഈഴവ,തിയ്യ,ബില്ലവ എന്നു തന്നെ രേഖപ്പെടുത്തേണ്ടതാണെന്നും ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനില്‍ ചര്‍ച്ച ചെയ്തു റിപ്പോര്‍ട്ട് 2012 സെപ്തംബര്‍ 20ന് പുറപ്പെടുവിച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.തിയ്യസമുദായക്കാരെ ഈഴവ സമുദായത്തില്‍ പെട്ടവരാക്കി അര്‍ഹമായ സംവരണാനുകൂല്യങ്ങള്‍ ഇല്ലാതാക്കരുതെന്ന് തിയ്യസമുദായ സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.