സന്തുഷ്ട ജീവിതത്തിന് ഓര്‍ക്കേണ്ടത് ഓര്‍ക്കുകയും മറക്കേണ്ടത് മറക്കുകയും വേണം:ശ്രീകുമാരന്‍ തമ്പി

ചാലിയം : സന്തുഷ്ട ജീവിതത്തിന് ഓര്‍ക്കേണ്ടത് ഓര്‍ക്കുകയും മറക്കേണ്ടത് മറക്കുകയും വേണമെന്ന് സിനിമ രംഗത്ത് സമഗ്ര സംഭാവനയര്‍പ്പിച്ചവര്‍ക്കുള്ള ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു . ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാ പകനായിരുന്ന എ.കെ. ഇമ്പിച്ചിബാവയുടെ ഓര്‍മ്മയില്‍ 1964 ബാച്ച് തയ്യാറാക്കിയ ‘ സ്മൃതി പുരുഷന്‍ ‘ സ്മരണികയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാലിയം സ്‌കൂളില്‍ അദ്ധ്യാ പകനായും കോഴിക്കോട്ട് ടൗണ്‍ പ്ലാനറായും ജീവിച്ച കാലഘട്ടത്തില്‍ ഒപ്പനയും ഖുര്‍ആനും പഠിക്കാനായതാണ് തന്റെ ജീവിതത്തിലും കലാസൃഷ്ടികളിലും ആവോളം പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് സ്മരണിക ഏറ്റുവാങ്ങി.
ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.എം.സംസ്ഥാന പ്രസിഡന്റ് അനുസ്മരണ പ്രഭാഷണവും ഇ.വി.അബ്ദുല്‍ വാഹിദ് സ്മരണിക സമര്‍പ്പണവും നടത്തി.വി.പി.രവീന്ദ്രന്‍, പ്രഫ.എം.അബ്ദുല്‍ അലി, മുംബൈ വാഷി ടൈംസ് ചീഫ് എഡിറ്റര്‍ വി.കെ.എന്‍.നായര്‍, കൃഷ്ണന്‍ കാരങ്ങാട്ട്, എ.കെ.റഷീദ് അഹമ്മദ്, പി.വി.ഹംസ ഷഹീം, മുന്‍ പി.എസ്.സി.അംഗം വി.ആയിഷ ബീവി, പി.വി.ഷംസുദ്ദീന്‍, പി. ഷമീന, ടി. നീരജ് ,ബി.കെ.പച്ചാട്ട്, പ്രഫ.ഇ.പി.ഇമ്ബിച്ചിക്കോയ, സി. സ്‌നേഹ, യു.കലാനാഥന്‍, ഡോ.എ.മുഹമ്മദ് ഹനീഫ, അബ്ദുല്‍ ലത്തീഫ് നഹ, ഒ.ജയശ്രീ, അണ്ടിപ്പറ്റ് ബാബു, എ വാസുദേവന്‍ എന്നിവര്‍ ഇതോടൊപ്പം നടന്ന വിവിധ സെഷനുകളില്‍ സംസാരിച്ചു.വി.ആര്‍.രഞ്ജിത്ത്, വി.ശാലിനി, എസ്. മാളവിക എന്നിവര്‍ ശ്രീകുമാരന്‍ തമ്പി കവിതകള്‍ക്ക് സംഗീതാവിഷ്‌കാരം നല്‍കി.