ഇടുക്കിയില്‍ ജലനിരപ്പ് താഴ്ന്നു

Idukki

പെരിയാര്‍ പ്രദേശത്ത് ചെറിയ ആശ്വാസമെങ്കിലും ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു
സംസ്ഥാനത്തെ ദുരിതാശ്വാസ ക്വാമ്പുകളില്‍ അരലക്ഷത്തോളം പേര്‍
വടക്കന്‍ ജില്ലകളില്‍ സ്ഥിതി നിയന്ത്രണ വിധേയം

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 2400.92 അടിയാണ് ജലനിരപ്പ്. അഞ്ച് ഷട്ടറുകളും തുറന്ന ശേഷം ആദ്യമായാണ് ജലനിരപ്പ് കുറയുന്നത്. ജലനിരപ്പ് 2400 അടിയാകാതെ ഷട്ടര്‍ താഴ്‌ത്തേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് ശമനം ഉണ്ടായിട്ടുണ്ട്. ഭൂതത്താന്‍ അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കക്കി ഡാമില്‍ നിന്ന് തുറന്നു വിടുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ക്ക് പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. പെരിയാര്‍ പ്രദേശത്ത് ജനങ്ങളുടെ ദുരിതം വിട്ടൊഴിഞ്ഞില്ലെങ്കിലും ചെറിയ ആശ്വസമുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ചെറുതോണി ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. ബസ് സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ചെറുതോണി പാലവും അപകടാവസ്ഥയിലാണ്. ഇടുക്കി തുറന്ന് വിട്ടതിനെ തുടര്‍ന്ന് പലയിടത്തും രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ആലുവ ഭാഗത്ത് ഒരടി മാത്രമാണ് ഉയര്‍ന്നത്. ഇത് ആശ്വാസകരമായി. ദുരന്ത നിവാരണസേനയുടെ മുന്നൂറംഗ സംഘം ആലുവയില്‍ സജ്ജരായി നില്‍ക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കരസേന, കോസ്റ്റ്ഗാര്‍ഡ് യൂണിറ്റുകളും പൂര്‍ണസജ്ജമാണ്.സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്വാമ്പുകളിലായി അരലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലും മഴക്കെടുതിക്ക് ചെറിയ ശമനമുണ്ട്.കഴിഞ്ഞ ദിവസങ്ങളെ പോലെ മഴ അത്രശക്തമല്ല.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.