പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്തി

pithrudarppanam

ആലുവാ മണപ്പുറത്ത് റോഡരികില്‍ തര്‍പ്പണം

തിരുവനന്തപുരം: കര്‍ക്കിടകവാവ് ദിവസമായ ഇന്ന് പിതൃസ്മരണയില്‍ പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നോടെ സ്‌നാനഘട്ടങ്ങളില്‍ ബലിയിടല്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചു. തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ മണപ്പുറം, തെക്കന്‍കാശിയെന്ന് വിളിക്കുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭപ്പെട്ടത്. പിതൃക്കള്‍ മരിച്ച നാളോ തീയതിയോ അറിയില്ലെങ്കില്‍ രൂപം സ്മരിച്ചുകൊണ്ട് കര്‍ക്കടക അമാവാസിക്കു ബലിയിടാമെന്നാണ് വിശ്വാസം. പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം വെള്ളിയാഴ്ച വൈകിട്ടു മുതല്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും കടലേറ്റവും ചിലയിടങ്ങളിലെ ബലിയിടലിന് വിഘാതമായി. ആലുവാ മണപ്പുറം ശിവക്ഷേത്രം പൂര്‍ണമായി മുങ്ങിയ സാഹചര്യത്തില്‍ റോഡരികിലാണ് ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. ശംഖുംമുഖം തീരം കടലെടുത്ത സാഹചര്യത്തില്‍ രണ്ട് ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. വര്‍ക്കല പാപനാശത്തും കടല്‍ക്ഷോഭിച്ചിരിക്കുന്നതിനാല്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.