ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലൈമാക്‌സ് രംഗവുമായി ഒടിയന്‍

odiyan

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍.യാഥാര്‍ത്ഥ്യമേത്,മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധം ഇഴ പിരിഞ്ഞു കിടക്കുന്ന ഫാന്റസി ത്രില്ലറാണ് ഒടിയന്‍.ഈ ഗണത്തില്‍ പെട്ട സിനിമകള്‍ മലയാളത്തില്‍ അധികമുണ്ടായിട്ടില്ല.ഒടിയന്‍ മാണിക്യനിലൂടെ അത്തരമൊരു ഭാവനാത്മകമായ ലോകത്തേക്കാണ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍മേനോന്‍ പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്.കുറേ കാലമായി ഒടിയന്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട്.മോഹന്‍ലാലിന്റെ രൂപവ്യത്യാസങ്ങള്‍ തന്നെ പ്രധാനം.ഇപ്പോഴിതാ പുതിയൊരു റിപ്പോര്‍ട്ടും കൂടി പുറത്തു വന്നിരിക്കുന്നു.ഒടിയനിലെ ക്ലൈമാക്‌സ് രംഗം അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണെന്നാണ് വിവരം.സ്‌പെഷ്യല്‍ ഇഫക്ട്‌സും പീറ്റര്‍ ഹെയ്‌നിന്റെ സംഘട്ടന പാടവവും മോഹന്‍ലാലിന്റെ ഗംഭീരപ്രകടനവുമെല്ലാം ക്ലൈമാക്‌സിനെ അടിപൊളിയാക്കിയെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.ക്ലൈമാക്‌സ് സീനാണ് പടത്തിന്റെ പ്രധാന ആകര്‍ഷണം. ദൈര്‍ഘ്യമേറിയ ക്ലൈമാക്‌സ് സീന്‍ ഇന്ത്യന്‍ സിനിമ കണ്ടത് ഷോലെ എന്നഹിന്ദി സിനിമയിലാണ്.അമിതാഭ് ബച്ചനും,ധര്‍മ്മേന്ദ്രയും അംജദ്ഖാനും സഞ്ജീവ് കുമാറും ഹേമമാലിനിയുമെല്ലാം ഒന്നിച്ച അവസാന സീന്‍ അന്ന് വിസ്മയമായിരുന്നു.ഷോലെയ്ക്കു ശേഷം ഏറ്റവും നീളമേറിയ ക്ലൈമാക്‌സ് സീനാണ് ഒടിയനിലേത് എന്ന് പറയപ്പെടുന്നു.കാടും പുഴയുമെല്ലാം സീനില്‍ വളരെ വന്യമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.മോഹന്‍ലാല്‍ അതിസാഹസികമായി ചെയ്ത സ്റ്റണ്ട് സീനുകള്‍ ഏറെ കൈയ്യടി നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഒക്‌ടോബറിലാണ് ഒടിയന്‍ തിയേറ്ററുകളിലെത്തുക.പരസ്യസംവിധായകനായ വി.എ.ശ്രീകുമാരമേനോന്റെ ആദ്യ സിനിമായാണ് ഒടിയന്‍.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.