ഇമ്രാന്‍ മാപ്പ് എഴുതി നല്‍കി; കേസ് പിന്‍വലിച്ചു

Imran-Khan

ഇസ്‌ലാമാബാദ്: പരസ്യമായി വോട്ടു രേഖപ്പെടുത്തിയ സംഭവത്തില്‍ നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് മാപ്പപേക്ഷ എഴുതി നല്കി. ഇതു സ്വീകരിച്ച കമ്മീഷന്‍ കേസ് അവസാനിപ്പിച്ചു. ഇസ്‌ലാമാബാദിലെ എന്‍എ53ാം മണ്ഡലത്തിലെ ഇമ്രാന്റെ വിജയം അംഗീകരിച്ച് വിജ്ഞാപനം ഇറക്കാനും കമ്മീഷന്‍ തീരുമാനിച്ചു. പോളിംഗ് ബൂത്തില്‍ രഹസ്യമായി വോട്ടു രേഖപ്പെടുത്തണമെന്ന നിയമം ലംഘിച്ചതിനാണ് ഇമ്രാനെതിരേ കമ്മീഷന്‍ കേസെടുത്തത്. ആറു മാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നേരത്തേ ഇമ്രാന്‍ അഭിഭാഷകന്‍ മുഖേന മറുപടി നല്കിയെങ്കിലും കമ്മീഷന്‍ തള്ളി. തുടര്‍ന്നാണ് നേരിട്ടു മാപ്പപേക്ഷ എഴുതി നല്കിയത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ റിട്ട. ജസ്റ്റീസ് സര്‍ദാര്‍ മുഹമ്മദ് റാസ മാപ്പപേക്ഷയെ എതിര്‍ത്തെങ്കിലും മറ്റു മൂന്ന് അംഗങ്ങള്‍ അനുകൂലിച്ചതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു. അഞ്ചു മണ്ഡലങ്ങളിലാണ് ഇമ്രാന്‍ മത്സരിച്ചത്. എല്ലായിടത്തും ജയിച്ചു. എന്‍എ53 മണ്ഡലത്തില്‍ മുന്‍ പ്രധാനമന്ത്രിയും പിഎംഎല്‍എന്‍ നേതാവുമായ അബ്ബാസിയെയാണു തോല്പിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ കേസിന്റെ പശ്ചാത്തലത്തില്‍ ഈമണ്ഡലത്തിലെ വിജയം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചിരിക്കുകയായിരുന്നു. കേസ് അവസാനിച്ചതോടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഇമ്രാന് നിയമതടസമില്ല.