സ്ഥിതി നിയന്ത്രണ വിധേയം, കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെടും: മന്ത്രി

pinarayi vijayan

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ വീണ്ടും ദുരന്തങ്ങളുണ്ടാകുന്നത് വെല്ലുവിളിയാണ്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എറണാകുളത്ത് ചേര്‍ന്ന യോഗത്തിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സംസ്ഥാനത്തെ മഴക്കെടുതി നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇപ്പോഴും കേരളത്തിലുണ്ട്. അവര്‍ കാര്യങ്ങള്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. കേന്ദ്രസംഘം സന്ദര്‍ഭോചിതമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് കരുതുന്നത്. ദുരന്തം നേരിടുന്നതിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ വേണമെന്നും എല്ലാവരും ജില്ലാ പൊലീസ് അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.