പ്രതിപക്ഷ സഖ്യത്തില്‍ ആം ആദ്മിയുണ്ടാകില്ല: നിലപാട് വ്യക്തമാക്കി കേജ്‌രി വാള്‍

Arvind-Kejriwal-2

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ രൂപംകൊളളുന്ന പ്രതിപക്ഷസഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുണ്ടാകില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകുന്ന പാര്‍ട്ടികളുടെ ലക്ഷ്യം രാജ്യത്തിന്റെ വികസനമല്ലെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ റോത്തക്കില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേജ്‌രിവാള്‍.ഹരിയാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി എല്ലാ സീറ്റുകളില്‍ നിന്നും മത്സരിക്കും. പൂര്‍ണ സംസ്ഥാന പദവിയില്ലാതെ തന്നെ ഡല്‍ഹിയില്‍ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞു. എന്നാല്‍ വേണ്ടത്ര സജ്ജീകരണങ്ങള്‍ ഉണ്ടായിട്ടും ഹരിയാനയ്ക്ക് വേണ്ടി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ആം ആദ്മി നടപ്പിലാക്കുന്ന ഓരോ വികസനത്തിനും കേന്ദ്രസര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. ഡല്‍ഹിയുടെ വികസനത്തിന് മോദി സര്‍ക്കാര്‍ തുരങ്കം വയ്ക്കുകയാണെന്ന് കേജ്‌രിവാള്‍ ആരോപിച്ചു.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി അനുവദിച്ചാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന് കഴിഞ്ഞ ജൂണില്‍ കേജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ആരോപണവുമായി രംഗത്തെത്തിയെങ്കിലും നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ആം ആദ്മിയുടെ പ്രതികരണം.