ബിസിസിഐയുടെ പുതിയ ഭരണഘടന  ഭേദഗതികളോടെ സുപ്രീംകോടതി അംഗീകരിച്ചു

bcci

ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതിയ ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീംകോടതി അംഗീകാരം നല്‍കി. ‘ഒരു സംസ്ഥാനം, ഒരു വോട്ട്’ തുടങ്ങിയ ലോധ കമ്മറ്റി ശുപാര്‍ശകളിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മുംബൈ, സൗരാഷ്ട്ര, വിദര്‍ഭ, വഡോദര ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് സ്ഥിരാംഗത്വം നല്‍കിയാണ് കോടതി ഉത്തരവ്.
റെയില്‍വേസ്, സര്‍വീസസ്, സര്‍വകലാശാലാ അസോസിയേഷനുകള്‍ മുഴുവന്‍ സമയ അംഗത്വം തിരികെ നല്‍കി. നേരത്തെ ലോധകമ്മിറ്റി വ്യവസ്ഥകള്‍ പ്രകാരം ഈ അസോസിയേഷനുകളുടെ മുഴുവന്‍ സമയ അംഗത്വം റദ്ദ് ചെയ്തിരുന്നു.
ബിസിസിഐയുടെ പുതിയ ഭരണഘടന ഭേദഗതികളോടെ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ നാലാഴ്ച്ചയ്ക്കകം സമര്‍പ്പിക്കാന്‍ തമിഴ്‌നാട് സൊസൈറ്റീസ് റജിസ്ട്രാറിന് കോടതി നിര്‍ദ്ദേശം നല്‍കി. പുതിയ ഭരണഘടന സംസ്ഥാന അസോസിയേഷനുകള്‍ 30 ദിവസത്തിനകം അംഗീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നിലവില്‍ തമിഴ്‌നാട് സൊസൈറ്റീസ് റജിസ്‌ട്രേഷന്‍ ആക്ടിനു കീഴില്‍ ഒരു സ്വകാര്യ സംരംഭമായാണു ബിസിസിഐ പ്രവര്‍ത്തിക്കുന്നത്. ജൂലൈ അഞ്ചിന്, പുതിയ ഭരണഘടന സംബന്ധിച്ച വിധി വരുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ തെരെഞ്ഞെടുപ്പ് നടത്തുന്നതിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2016 ജൂലൈ 18 ന് ആണ് ബിസിസിഐ പരിഷ്‌കരണത്തിന് ഉള്ള ജസ്റ്റിസ് ആര്‍.എം.ലോധ സമിതി ശുപാര്‍ശ സുപ്രീം കോടതി അംഗീകരിച്ചത്.