നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ വീണ്ടും ഇറങ്ങി 

Nedumbassery-Airport

കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് പുനരാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ വിമാനത്താവള അധികൃതര്‍ 3.05 നു വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു.
ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് പുനഃരാരംഭിച്ചത്. നെടുന്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും ചുറ്റുമതിലിന് അടുത്തുവരെ വെള്ളം എത്തിയ സാഹചര്യത്തിലായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്.എത്ര സമയം നിരോധനമുണ്ടാകുമെന്ന കാരം അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല.
2013ല്‍ ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളം കയറിയ സ്ഥിതിയുണ്ടായിരുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇടമലയാറിനൊപ്പം ഇടുക്കി കൂടി തുറന്നതോടെ ജാഗ്രതയുടെ ഭാഗമായി വിമാനങ്ങള്‍ ഇറങ്ങുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.