കാണികളുടെ എണ്ണത്തിലും സാമ്പത്തികമായും ഉയര്‍ന്ന് ഐപിഎല്‍ 

ipl

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സാമ്പത്തികമായും കാണികളുടെ എണ്ണത്തിലും വളരുന്നു. 11 വര്‍ഷമായ ലീഗ് ഓരോ വര്‍ഷവും കാണികളുടെ എണ്ണത്തിലും ലഭിക്കുന്ന പരസ്യത്തിലും വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
ആഗോള തലത്തില്‍ കമ്പനികളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അവലോകനം നടത്തുന്ന ഡഫ് ആന്‍ഡ് ഫെല്പ്‌സ് ഏജന്‍സി തയാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഐപിഎലിന്റെ വളര്‍ച്ചയെക്കുറിച്ച് പറയുന്നത്. ഓരോ വര്‍ഷവും വലിയ വളര്‍ച്ചയാണ് ലീഗ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
11ാം സീസണില്‍ ഐപിഎലിന്റെ മൂല്യം 19 ശതമാനം ഉയര്‍ന്ന് 43,300 കോടി രൂപയിലെത്തി. 2017ല്‍ 36,422 കോടി രൂപയും 2016ല്‍ 28,587 കോടി രൂപയും മൂല്യം ആയിരുന്നിടത്തുനിന്നാണ് ഇത്തവണ മൂല്യം വളരെ ഉയര്‍ന്നത്. ഈ സീസണില്‍ സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പാണ് ഐപിഎലിന്റെ സംപ്രേക്ഷണാവകാശം നേടിയത്. അഞ്ചു വര്‍ഷത്തേക്ക് 16,347.5 കോടി രൂപയ്ക്കാണ് ഇവര്‍ സംപ്രേക്ഷണാവകാശം നേടിയത്.
സ്റ്റാര്‍ ഇന്ത്യയുമായുള്ള കരാറാണ് ഐപിഎലിനെ മൂല്യത്തില്‍ ലോകത്തെ മറ്റ് സ്‌പോര്‍സ് ലീഗുകള്‍ക്കൊപ്പമെത്തിച്ചതെന്ന് ഡഫ് ആന്‍ഡ് ഫെല്പ്‌സ് മാനേജിംഗ് ഡയറക്ടറും വാല്യുവേഷന്‍ സര്‍വീസസില്‍ ഏഷ്യ പസഫിക് ലീഡറുമായ വരുണ്‍ ഗുപ്ത പറഞ്ഞു.
കൂടാതെ ഐപിഎലില്‍ ആരാധകരേറെയുള്ള മുംബൈ ഇന്ത്യന്‍സിന്റെയും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും മൂല്യം 100 മില്യണ്‍ ഡോളര്‍ കടന്നു. മുംബൈ ഇന്ത്യന്‍സിന്റെ ബ്രാന്‍ഡ് മൂല്യം 11.3 കോടി ഡോളറും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേത് 10.4 കോടി ഡോളറുമായി ഉയര്‍ന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെ മൂല്യം 9.8 കോടി ഡോളറാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7 കോടി ഡോളര്‍), ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (5.2 കോടി ഡോളര്‍), കിംഗ്‌സ് ഇലവന്‍ പഞ്ചാബ് (5.2 കോടി ഡോളര്‍), രാജസ്ഥാന്‍ റോയല്‍സ് (4.3 കോടി ഡോളര്‍) തുടങ്ങിയ ടീമുകളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ അടുത്ത സ്ഥാനങ്ങളില്‍.