ദൈവനിന്ദയും അശ്ലീലവും പ്രോത്സാഹിപ്പിക്കില്ല: ഹൈക്കോടതി

cort

കൊച്ചി : സമൂഹമാധ്യമങ്ങളെ ഉത്തരവാദിത്വ ബോധത്തോടെ ഉപയോഗിക്കണമെന്നു ഹൈക്കോടതി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെ വാര്‍ത്തയ്ക്കു താഴെ രേഖപ്പെടുത്തിയ അഭിപ്രായം മതവിദ്വേഷമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം തേടി മലപ്പുറം മേലാറ്റൂര്‍ സ്വദേശി ബിജുമോന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണം.
അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലികാവകാശം മതനിരപേക്ഷ രാജ്യത്ത് മറ്റുള്ളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള അനിയന്ത്രിതമായ ലൈസന്‍സ് അല്ലെന്നു കോടതി നിരീക്ഷിച്ചു. ദൈവനിന്ദയും അശ്ലീലവും കലര്‍ന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടു സ്വീകരിക്കാന്‍ കോടതിക്കു കഴിയില്ല.
നിരുത്തരവാദപരമായി സോഷ്യല്‍ മീഡിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് മതവികാരം വ്രണപ്പെടുത്തുന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കേസെന്നും ഹൈക്കോടതി പറഞ്ഞു.
ഹര്‍ജിക്കാരന്റെ പരാമര്‍ശങ്ങള്‍ മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നു കണ്ടെത്തി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമാണ് പോലീസ് കേസെടുത്തത്. എന്നാല്‍, മതസ്പര്‍ധ വളര്‍ത്തുന്ന കുറ്റം ചുമത്തണമെങ്കില്‍ രണ്ടു വിഭാഗങ്ങള്‍ കേസില്‍ ഉള്‍പ്പെടണമെന്ന് സിംഗിള്‍ബെഞ്ച് വിലയിരുത്തി. ദൈവനിന്ദയും അശ്ലീലവും കലര്‍ന്ന അഭിപ്രായങ്ങളാണ് ഹര്‍ജിക്കാരന്‍ പോസ്റ്റ് ചെയ്തത്. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ പ്രകാരമുള്ള കേസ് നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മതസ്പര്‍ധ വളര്‍ത്താനുദ്ദേശിച്ചല്ലെന്നും ഏതെങ്കിലും സമുദായത്തെ അധിക്ഷേപിക്കണമെന്ന ലക്ഷ്യത്തോടെയല്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. അഭിപ്രായം രേഖപ്പെടുത്താനുപയോഗിച്ച മൊബൈല്‍ പോലീസ് പിടിച്ചെടുത്തിരുന്നു.