കേരള ടൂറിസത്തിന് കേന്ദ്രം വക പ്രഖ്യാപനങ്ങള്‍ മാത്രമെന്നു മന്ത്രി കടകംപള്ളി

kadakampally surendran

ന്യൂഡല്‍ഹി: കേരളത്തിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്താറുള്ളൂയെന്നും നടപടികള്‍ പൂര്‍ത്തിയായ പദ്ധതികള്‍ക്കു പോലും അനുമതി നല്‍കുന്നില്ലെന്നും സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ഫോന്‍സ് കണ്ണന്താനം ടൂറിസം മന്ത്രിയായതിനു ശേഷം എട്ട് പദ്ധതികളുടെ വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നും അതില്‍ ഒന്നിനുപോലും അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മലനാട് മലബാര്‍ ടൂറിസം പദ്ധതി നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രമന്ത്രിയുടെ അംഗീകാരത്തിനായാണ് കാത്തിരിക്കുന്നത്. അല്‍ഫോന്‍സ് കണ്ണന്താനം തന്നെ താത്പര്യം പ്രകടിപ്പിച്ച ബീച്ചുകളുടെ നവീകരണ പദ്ധതിക്കും അനുമതി ലഭിച്ചിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിയാണ് അനുമതി വൈകിപ്പിക്കുന്നതെന്നാണ് മനസിലാകുന്നതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി. 2015നു ശേഷം സംസ്ഥാനത്തിന് അനുവദിച്ച നാല് പദ്ധതികളില്‍ രണ്ടെണ്ണം ഉടന്‍ പൂര്‍ത്തിയാകും. ഗവി വാഗമണ്‍ പദ്ധതി ഒക്ടോബറോടെ ഉദ്ഘാടനം ചെയ്യാനാകും. ഇതോടൊപ്പം തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറന്മുള ക്ഷേത്രം പദ്ധതികളും പൂര്‍ത്തിയായി വരുന്നു.