ഇന്ത്യയില്‍ നിന്നെത്തിയ ഹാജിമാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു

മെക്ക :ഹജ്ജ് നിര്‍വ്വഹിക്കാനായി ഇന്ത്യയില്‍ നിന്നെത്തിയ ഹാജിമാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഇനി ഇരുപത്തയ്യായിരം ഹാജിമാരാണ് ഇന്ത്യയില്‍ നിന്നും എത്താനുള്ളത്. ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മദീന വഴിയെത്തിയ ഹാജിമാരെല്ലാം മക്കയിലെത്തിക്കഴിഞ്ഞു. പത്ത് ലക്ഷത്തിലേറെ ഹാജിമാരാണ് ഇപ്പോള്‍ മക്കയിലുള്ളത്.
ലോക രാജ്യങ്ങളില്‍ നിന്ന് കര,വ്യോമ,നാവിക മാര്‍ഗങ്ങളിലൂടെയാണ് ഹാജിമാരെത്തുന്നത്. ഇന്ത്യയില്‍ നിന്നാകെയുള്ള ഒന്നേമുക്കാല്‍ ലക്ഷം ഹാജിമാരില്‍ ഒന്നര ലക്ഷം പേര്‍ മക്കയിലെത്തി. മദീന വഴിയെത്തിയ കേന്ദ്ര കമ്മിറ്റിക്ക് കീഴിലെ ഹാജിമാരെല്ലാം ഇപ്പോള്‍ ഹജ്ജിനായി മക്കയിലാണ്. ഇതിനിടെ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി നേരിട്ട് മക്കയിലെത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനത്തിലാണ്. ഇവര്‍ ഹജ്ജിന് മുന്നോടിയായി മടങ്ങിയെത്തും. ഈ മാസം 16 നു കൊച്ചിയില്‍ നിന്നാണ് ഹജ്ജ് മിഷനു കീഴിലെ അവസാന ഹജ്ജ് സംഘം. ഹാജിമാര്‍ക്കുള്ള താമസ ഇടങ്ങള്‍ നേരത്തെ നിശ്ചയിച്ച് നല്‍കിയിരുന്നു.ഇനി ജിദ്ദ വഴി മാത്രമാകും ഹാജിമാരെത്തുക. ഇവര്‍ ഹജ്ജ് പൂര്‍ത്തിയാക്കിയ ശേഷം മദീന സന്ദര്‍ശനം നടത്തും. ഇതിനകം മക്കയിലെത്തിയ ഹാജിമാരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇതോടെ അനധികൃതരെ തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധനയും ശക്തം. ഹറമുകളില്‍ കൂടുതല്‍ സേനയേയും വിന്യസിച്ചു.