പൗരത്വ നിയന്ത്രണ നടപടികളുമായി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ നിയമാനുസൃത കുടിയേറ്റത്തിനും സ്ഥിരതാമസത്തിനും പൗരത്വം ലഭിക്കുന്നതില്‍ നിയന്ത്രണ മേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം നടപടി തുടങ്ങി. നിയമാനുസൃത കുടിയേറ്റത്തിന്റെ നിബന്ധനകള്‍ കടുപ്പമാക്കി ഗ്രീന്‍ കാര്‍ഡുകളും പൗരത്വവും വെട്ടിക്കുറയ്ക്കാനാണ് യുഎസ് ആലോചിക്കുന്നത്. നിയമാനുസൃതമായ കുടിയേറ്റം ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവരിക എന്ന വൈറ്റ് ഹൗസ് അഡ്വൈസര്‍ സ്റ്റീഫന്‍ മില്ലറുടെ പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ നടപടികള്‍. ഈ നീക്കത്തിന് യുഎസ് കോണ്‍ഗ്രസിന്റെ സമ്മതം ആവശ്യമില്ല. ആഴ്ചകള്‍ക്കുള്ളില്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുമെന്നാണു കരുതപ്പെടുന്നത്. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന കുടിയേറ്റ നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നത് രണ്ടു കോടി ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ഇന്‍ഷ്വറന്‍സ്, ഫുഡ് സ്റ്റാമ്പ് എന്നിവയ്ക്കും ഇത് ദോഷം ചെയ്യും. ഇതിനെക്കുറിച്ചു ഔദ്യോഗിക വിശദീകരണം നല്‍കുന്നതിന് വൈറ്റ് ഹൗസ് വക്താവ് തയാറായിട്ടില്ല.