ആനാവ്കുന്ന് മലയില്‍ ശാന്തിഗിരി പ്രാര്‍ത്ഥനാ കേന്ദ്രം ഒരുങ്ങുന്നു

IMG-20180804-WA0004 (1)

കോഴിക്കോട് : പ്രകൃതിരമണീയമായ ആനമലകളെ ധന്യമാക്കിക്കൊണ്ട് ശാന്തിഗിരി ആശ്രമത്തിന്റെ പ്രാര്‍ത്ഥനാ കേന്ദ്രം ഒരുങ്ങുന്നു.കോഴിക്കോട് ജില്ലയില്‍ കക്കോടി പഞ്ചായത്തില്‍ കുറ്റ്യാടി ബ്രാഞ്ച് കനാലിന്റെ കിഴക്കുമുറി ഭാഗത്തുള്ള ആനാവ്കുന്ന് മലയില്‍ 13 ഏക്കറിലാണ് പ്രാര്‍ത്ഥനാ കേന്ദ്രം പണി പൂര്‍ത്തിയായി വരുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായി ഏറ്റവും ഉയര്‍ന്ന പ്രദേശമായ ആനാവ്കുന്ന് മലയില്‍ നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ പ്രഥമ സന്ദര്‍ശനത്തില്‍ തന്നെ പ്രാര്‍ത്ഥനാ കേന്ദ്രം വേണമെന്ന് തീരുമാനിക്കപ്പെട്ടിരുന്നു. ഈ സ്ഥലം ഋഷീശ്വരന്‍മാരുടെ തപോഭൂമിയാണെന്നും ഫലഭൂയിഷ്ഠമായ മണ്ണ് നിറഞ്ഞ ഐശ്വര്യ സമ്പൂര്‍ണ്ണമായ ഈ ഭൂമി പ്രാര്‍ത്ഥനാലയത്തിന്റെ നിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമാണെന്നും ഗുരു അരുള്‍ ചെയ്തു.കോഴിക്കോട് ജില്ലയിലെ ഗുരു ഭക്തരായ വിശ്വാസികളുടെ സമ്പൂര്‍ണ്ണ സമര്‍പ്പണമായി ചൂണ്ടിക്കാണിച്ച ആത്മീയതയുടെ ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന പ്രദേശത്ത് 13 ഏക്കര്‍ ഭൂമി വാങ്ങിക്കൊണ്ട് ശാന്തിഗിരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.തുടര്‍ന്ന് 2006 ജൂണ്‍ 11 ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യ പൂജിത സ്ഥലം സന്ദര്‍ശിക്കുകയും തിരി തെളിയിക്കുകയും ചെയ്തു.
തുടര്‍ന്ന് 2014 ജനുവരി അഞ്ചിന് അഭിവന്ദ്യ ശിഷ്യ പൂജിത വീണ്ടും ആശ്രമം സന്ദര്‍ശിക്കുകയും താത്ക്കാലികമായി നിര്‍മ്മിച്ച പ്രാര്‍ത്ഥനാലയത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുകയും ആനാവ്കുന്ന് മലയുടെ നെറുകയില്‍ സ്ഥിരം പ്രാര്‍ത്ഥനാലയത്തിന് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. 72 അടി ഉയരത്തിലും 36 താമരപതിപ്പിച്ച കോണ്‍ക്രീറ്റ് തൂണുകളിലും 9000 ച.അടി വിസ്തീര്‍ണ്ണത്തിലും നിറഞ്ഞു നില്‍ക്കുന്ന താമരയുടെ ആകൃതിയിലുള്ള ഒരു പ്രാര്‍ത്ഥനാ സൗധമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.കോഴിക്കോട് നഗരത്തിന്റെ എവിടെ നിന്ന് നോക്കിയാലും കാണാവുന്ന ഉയരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പ്രാര്‍ത്ഥനാലയത്തിന്റെ നിര്‍മ്മാണം ഗുരുഭക്തരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണം കൊണ്ട് പുരോഗമിച്ചു വരുന്നു.കോഴിക്കോട് നഗരത്തിന്റെ തിലകക്കുറിയായി മാറുന്ന ഈ പ്രാര്‍ത്ഥനാലയം വരുംതലമുറയ്ക്ക് ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുമെന്ന് ഗുരു അറിയിച്ചിട്ടുണ്ട്.സകല ദോഷനിവാരണങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനും അര്‍പ്പിക്കാനുമുള്ള പുണ്യ സങ്കേതമായ പ്രാര്‍ത്ഥനാലയം സമീപ ഭാവിയില്‍ തന്നെ ലോക ജനതയ്ക്കായി തുറന്നു കൊടുക്കുവാന്‍ കഴിയുമെന്ന് ശാന്തിഗിരി ആശ്രമ അധികൃതര്‍ പറയുന്നു.